കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന ശൃംഖലയിലെ മുഖ്യപ്രതിയെ വിഴിഞ്ഞം പൊലീസ് ഒഡീഷയില്‍ നിന്ന് പിടികൂടി.ഒഡീഷയിലെ കോരാപൂർ സ്വദേശിയായ മഹേന്ദ്ര സിസ (21) ആണ് പിടിയിലായത്. ജനുവരി 10-ന് കോവളം മുക്കോല ബൈപ്പാസില്‍ നാല് കിലോഗ്രാം കഞ്ചാവും പൂന്തുറയില്‍ നിന്ന് 53 കിലോഗ്രാം കഞ്ചാവ് ശേഖരവും സിറ്റി ഡാൻസാഫ് സംഘം പിടികൂടിയ കേസിലെ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ കുടുങ്ങിയത്.

ബൈപ്പാസില്‍ നിന്ന് പിടിയിലായ മുജീബിനെ ചോദ്യം ചെയ്തതോടെയാണ് മഹേന്ദ്ര സിസയെ കുറിച്ചുള്ള നിർണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ ഫോട്ടോയും ഫോണ്‍ നമ്പറും സുഹൃത്തുകളില്‍ നിന്ന് കണ്ടെത്തി. മൊബൈല്‍ കോള്‍ വിവരങ്ങള്‍ പിന്തുടർന്ന പൊലീസ് സംഘം ഒഡീഷയിലെത്തി. അവിടെ ഒരു ടാക്സി ഡ്രൈവറുടെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. ഗ്രാമത്തില്‍ നിന്ന് പുറത്തെത്തിച്ച ശേഷം ഏകദേശം 11 മണിക്കൂർ നീണ്ട സാഹസിക ശ്രമത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോരാപൂർ സ്റ്റേഷൻ പരിധിയിലെ പദ്വവയില്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കാർ കുറുകെയിട്ട് തടഞ്ഞാണ് പൊലീസ് പ്രതിയെ പിടികൂടിയത്.മഹേന്ദ്ര സിസയുടെയും സഹോദരന്മാരുടെയും കുടുംബം കഞ്ചാവ് കച്ചവടത്തിലാണ് ഏർപ്പെട്ടിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഏക്കർ കണക്കിന് സ്ഥലങ്ങളില്‍ ഇവർ കഞ്ചാവ് കൃഷി ചെയ്യുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ പിടികൂടിയതിനു പിന്നാലെ വിവിധ തരത്തിലുള്ള പ്രലോഭനങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും വഴങ്ങാതെ പൊലീസ് സംഘം ഇയാളെ സുരക്ഷിതമായി വിഴിഞ്ഞത്തേക്ക് കൊണ്ടുവന്നു.

വിഴിഞ്ഞം എസ്‌ഐ എം. പ്രശാന്ത്, ഗ്രേഡ് എസ്‌ഐ യേശുദാസൻ, എസ്‌സിപിഒ വിനയകുമാർ, സിപിഒ റജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക