അതിവേഗ റെയില്‍ പദ്ധതിയില്‍ ഇ. ശ്രീധരനെ പിന്തുണച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ വികസന പദ്ധതികള്‍ക്ക് സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഒരുപോലെ തടസം നില്‍ക്കുകയാണെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ പറഞ്ഞു.കേരളത്തിലെ അതിവേഗ റെയില്‍ ഇടനാഴികളുമായി ബന്ധപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച അതിവേഗ റെയില്‍ ഇടനാഴികളില്‍ നിന്ന് കേരളത്തെ പൂർണമായും അവഗണിച്ചുവെന്നായിരുന്നു സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസിന്റെ പ്രധാന പരാതി. കേരളത്തിന് ലഭിക്കേണ്ട അർഹമായ പരിഗണന റെയില്‍വേ ബജറ്റില്‍ ലഭിച്ചില്ലെന്നും അദ്ദേഹം സഭയില്‍ ചൂണ്ടിക്കാട്ടി.
കമ്മ്യൂണിസ്റ്റ് പാർട്ടിയും കോണ്‍ഗ്രസും ഒത്തുചേർന്ന ‘സിസിപി’ സഖ്യമാണ് കേരളത്തിലെ വികസനം തടയുന്നത്. വികസന പദ്ധതികള്‍ക്ക് ആവശ്യമായ ഫണ്ട് കേന്ദ്രം നല്‍കിയിട്ടും ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇ. ശ്രീധരന്റെ റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട്, റെയില്‍വേ മേഖലയില്‍ സംസ്ഥാന സർക്കാരിന് പ്രായോഗികമായ അറിവില്ലെന്ന് മന്ത്രി പരിഹസിച്ചു.
കേരളത്തില്‍ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള എലിവേറ്റഡ് റെയില്‍ പാതയ്ക്ക് ഏകദേശം 54,000 കോടി രൂപ ചെലവ് വരുമെന്നാണ് ഇ. ശ്രീധരന്റെ കണക്കുകൂട്ടല്‍. കേരളത്തിലെ റെയില്‍വേ കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനായി കേന്ദ്രത്തിന് മുന്നില്‍ മൂന്ന് പ്രധാന മാർഗങ്ങളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സംസ്ഥാനത്തിന്റെ നിസഹകരണം പദ്ധതികളെ പിന്നോട്ടടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.










