സി.പി.എം വിടുന്നുവെന്ന ശക്തമായ സൂചനകള്‍ നല്‍കി പാർട്ടി അംഗത്വം പുതുക്കാതിരിക്കുന്ന മുതിർന്ന നേതാവ് ജി.സുധാകരൻ വ്യാഴാഴ്ച മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്ക് പുന്നപ്രയിലെ തന്റെ വീട്ടില്‍ വെച്ചാണ് അദ്ദേഹം വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് വ്യക്തമാക്കി അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സുധാകരന് എന്തെങ്കിലും പരിഗണന നല്‍കുമോ എന്ന ചോദ്യത്തിന് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ നല്‍കിയ നിഷേധാത്മകമായ മറുപടിയും, തുടർന്ന് മാധ്യമപ്രവർത്തകർ ചിരിക്കുന്ന വീഡിയോയും പങ്കുവെച്ചുകൊണ്ടാണ് സുധാകരൻ തന്റെ മാനസിക വിഷമം ഫേസ്ബുക്കില്‍ കുറിച്ചത്.
സി.പി.എം വിട്ടാലും മറ്റ് രാഷ്ട്രീയ പാർട്ടികളിലേക്ക് ചേക്കേറാൻ സുധാകരന് താല്പര്യമില്ലെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പകരം സ്വതന്ത്രനായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്. വിവാദ പോസ്റ്റിന് പിന്നാലെ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കൂടിക്കാഴ്ചയ്ക്ക് സുധാകരൻ തയ്യാറായില്ല. തനിക്ക് പറയാനുള്ളതെല്ലാം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോടും പ്രതികരിക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിരുന്നില്ല.
അതിനിടെ, സുധാകരനോട് സി.പി.എം കാട്ടിയ നിലപാട് ശരിയായില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് എം. ലിജു രംഗത്തെത്തിയത് പുതിയ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. അമ്പലപ്പുഴ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന ചർച്ചകള്‍ സജീവമാണ്. കോണ്‍ഗ്രസിന്റെ സീറ്റ് ചർച്ചകളില്‍ അമ്പലപ്പുഴ മണ്ഡലം നിലവില്‍ മാറ്റിനിർത്തിയിരിക്കുന്നത് ഈ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ സാഹചര്യത്തില്‍ വ്യാഴാഴ്ച നടക്കുന്ന വാർത്താസമ്മേളനം കേരള രാഷ്ട്രീയത്തില്‍ നിർണ്ണായകമായ വെളിപ്പെടുത്തലുകള്‍ക്ക് സാക്ഷ്യം വഹിക്കുമെന്നാണ് കരുതപ്പെടുന്നത്.

















