സിപിഎം അംഗത്വം ഉപേക്ഷിച്ച മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരനെ അനുയയിപ്പിക്കാൻ സിപിഎം ശ്രമം.കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, സുധാകരനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹരിശങ്കറും ഒപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചയിലും സുധാകരൻ പ്രതിഷേധം തുടർന്നുവെന്നാണ് വിവരം.
മെംബർഷിപ്പ് പുതുക്കണമെന്ന ആവശ്യവും ജി സുധാകരൻ നിരാകരിച്ചു. പലകുറി അപമാനിതനായപ്പോള്‍ എവിടെയായിരുന്നു എന്ന മറു ചോദ്യവും അദ്ദേഹം ഉയർത്തി. മറുപടി നല്‍കാൻ ആകാതെ സി എസ് സുജാതയും എൻ ഹരിശങ്കറും കുഴങ്ങി. ഇരുവരോടും സുധാകരൻ കടുത്ത അസംതൃപ്തി രേഖപ്പെടുത്തിയതായി സൂചന.
സുധാകരനെ അനുനയിപ്പിക്കാൻ ഫോണ്‍വിളിച്ചും പ്രകീർത്തിച്ചും സിപിഎം നേതാക്കള്‍ പലവഴിതേടുന്നുണ്ട് . നേരത്തെ ജില്ലാ സെക്രട്ടറി ആർ നാസറും സുധാകരനെ വിളിച്ചിരുന്നു. പിന്നാലെയാണ് സുജാതയുടെ സന്ദർശനം. അതൃപ്തി പരസ്യമായി പറഞ്ഞതിന് ശേഷം ഇതാദ്യമാട്ടാണ് ഒരു സിപിഎം നേതാവ് നേരിട്ട് അദ്ദേഹത്തെ കാണാനെത്തുന്നത്.
ഇതിനിടെ ശനിയാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ സുധാകരനെ മുഖ്യാതിഥിയാക്കുകയുംചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. പോസ്റ്ററില്‍ ജി സുധാകരന്റെ ഫോട്ടോ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മന്ത്രി മുഹമ്മദ് റിയാസ് സുധാകരനെ ഉദ്ഘാടനത്തിന് ഫോണില്‍ വിളിച്ച് ക്ഷണിച്ചതായും വിവരമുണ്ട്.
പൊതുമരാമത്ത് മുൻ മന്ത്രിയായിരുന്ന തനിക്ക് ഉദ്ഘാടനങ്ങളിലും മറ്റും വേണ്ടത്ര പരിഗണന ലഭിക്കാതിരുന്നതായിരുന്നു സുധാകരന്റെ പ്രധാന പരാതി. അനുനയത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ പെരുമ്പളം പാലത്തിന്റെ പോസ്റ്ററില്‍ സുധാകരനെ ഉള്‍പ്പെടുത്തിയതെന്നാണ് സൂചന. ശനിയാഴ്ച രാവിലെ 11 -ന് പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. എന്നാല്‍ സുധാകരൻ ചടങ്ങില്‍ പങ്കെടുക്കുമോ എന്നകാര്യം വ്യക്തമല്ല.

















