നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം ആദ്യഘട്ട സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ സംസ്ഥാന സമിതിയില്‍ തീരുമാനം. കുന്നംകുളത്ത് എസി മൊയ്തീൻ, മണലൂരില്‍ സി രവീന്ദ്രനാഥ്, വൈപ്പിനില്‍ എം പി ഷൈനി, തൃപ്പൂണിത്തുറയില്‍ കെ എൻ ഉണ്ണികൃഷ്ണൻ എന്നിവർ സ്ഥാനാർത്ഥികള്‍ ആകും. പാർട്ടിയിലെ യുവനേതാവ് എം സ്വരാജ് മത്സരിക്കില്ലെന്നാണ് വിവരം.
അതേസമയം, കോണ്‍ഗ്രസില്‍ നിന്ന് സിപിഎമ്മിലെത്തിയ പി സരിനും സീറ്റ് നല്‍കിയിട്ടില്ല. സ്പീക്കർ എ എൻ ഷംസീറിനെയും സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെ കെ ശൈലജയെ ഒഴിവാക്കാനുള്ള നീക്കങ്ങൾ തിരിച്ചടിക്കുമെന്ന് കണ്ടതോടെ ടീച്ചറെ ദയാവധത്തിന് വിധിച്ചിരിക്കുകയാണ് പാർട്ടി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വിജയ സാധ്യതയില്ലാത്ത പേരാവൂർ മണ്ഡലത്തിൽ മത്സരിക്കാനാണ് ശൈലജ ടീച്ചറെ നിയോഗിച്ചിരിക്കുന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ സിറ്റിംഗ് സീറ്റിൽ ടീച്ചർക്ക് വലിയ സാധ്യതകൾ കൽപ്പിക്കപെടുത്തില്ല.
നെന്മാറയില്‍ കെ പ്രേമനും ആലത്തൂരില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഎം ശശിയും മത്സരിക്കും. എന്നാല്‍ യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതിന് ശേഷമേ പാലക്കാട് സ്ഥാനാർത്ഥിയെ തീരുമാനിക്കൂവെന്നാണ് വിവരം. മികച്ച സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിഞ്ഞില്ല എങ്കിൽ എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയെ പാലക്കാട് മണ്ഡലത്തിൽ കളത്തിൽ ഇറക്കാൻ ആണ് പാർട്ടി തീരുമാനം.

















