സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത് പുതിയൊരു പി ആർ നിർദ്ദേശങ്ങളാണ്. ഡല്‍ഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി തയ്യാറാക്കിയ റിപ്പോർട്ടില്‍ മുഖ്യമന്ത്രിസ്ഥാനാർത്ഥി മാറണം എന്ന നിർദ്ദേശം ആണ് സിപിഎമ്മിന് നല്കുന്നത്. പഴയ മാതൃകകള്‍ ഉപേക്ഷിക്കാതെ മുന്നോട്ട് പോയാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പോടെയാണ് ഈ നിർദ്ദേശങ്ങള്‍ വന്നിരിക്കുന്നത്.
റിപ്പോർട്ടിന്റെ പ്രധാന നിർദ്ദേശം പിണറായി വിജയനെ നേരിട്ട് മുന്നില്‍ നിർത്തിയുള്ള തെരഞ്ഞെടുപ്പ് തന്ത്രം പുനഃപരിശോധിക്കണമെന്നതാണ്. അദ്ദേഹത്തെ വികസന-ഭരണപരിഷ്കാര കമ്മറ്റി ചെയർമാനെന്ന രീതിയില്‍ മാറ്റി പാർട്ടിയുടെ ‘മാർഗ്ഗനിർദേശക’ തലത്തിലേക്ക് മാറ്റാം എന്ന ആശയവും മുന്നോട്ട് വയ്ക്കുന്നു. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ മുപ്പതോളം സീറ്റുകളില്‍ മാത്രമേ വിജയ സാധ്യതയുള്ളൂവെന്ന കണക്കുകൂട്ടലാണ് ഏജൻസി നൽകുന്നത്. പല വന്മരങ്ങളും കടപുഴകും, മലബാറില്‍ കനത്ത ആഘാതം ഏല്‍പ്പിക്കും എന്നിങ്ങനെയൊക്കെയാണ് കണക്കുകള്‍.
മുസ്ലിം വോട്ടുകളുടെ ഇടിവ് പാർട്ടിക്ക് വലിയ തിരിച്ചടിയാണെന്നും അതു തിരികെ പിടിക്കാൻ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി പരിഗണിക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു. യുവമുഖവും മതസമൂഹങ്ങളുമായി നേരിട്ടുള്ള ബന്ധവും ഉപയോഗപ്പെടുത്തണം എന്നാണ് വിലയിരുത്തല്‍. എം. സ്വരാജിനെ ഉപമുഖ്യമന്ത്രിയാക്കിയാല്‍ യുവാക്കളിലും ഇടതുപക്ഷ ബുദ്ധിജീവികളിലും ആവേശം സൃഷ്ടിക്കാമെന്ന കണക്കുകൂട്ടലും അതില്‍ ഉള്‍പ്പെടുന്നു.
അതേസമയം, ചില വിവാദമുഖങ്ങള്‍ക്ക് വീണ്ടും അവസരം നല്‍കുന്നത് പാർട്ടിക്ക് കൂടുതല്‍ ദോഷകരമാകും എന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.എംഎം മണിയും, സജി ചെറിയാനും, മുകേഷും, വിജയരാഘവനും, ബാലനും, വീണയും മത്സരിച്ചാല്‍ കനത്ത തോല്‍വി നേരിടേണ്ടി വരും എന്നാണ് ജനങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍.
റിപ്പോർട്ടില്‍ എടുത്തുകാണിക്കുന്ന പ്രധാന വിഷയങ്ങൾ: ശബരിമല വിഷയത്തോട് ജനങ്ങളില്‍ നിലനില്‍ക്കുന്ന അസ്വീകാരബോധം, ബന്ധുനിയമന വിവാദങ്ങള്‍, തൊഴിലില്ലായ്മ, സ്വജനപക്ഷപാതം, അടിസ്ഥാനസൗകര്യ പ്രശ്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.ഹൈവേ തകർച്ച മുതല്‍ മലബാറിലെ രാഷ്ട്രീയ അസന്തോഷം വരെ വിവിധ വിഷയങ്ങള്‍ കൂട്ടിച്ചേർത്ത് വിലയിരുത്തുമ്പോള്‍ ‘അഴിമതി’ എന്ന ധാരണയാണ് ഏറ്റവും വലിയ പ്രതിസന്ധിയെന്നു പറയുന്നു.മെസ്സി വിവാദം, വെള്ളാപ്പള്ളി , സജി ചെറിയാൻ എന്നിവർ നടത്തിയ മുസ്ലിം വിരുദ്ധ പരാമർശങ്ങള്‍, ഹൈവേ തകർച്ചകള്‍, ഹൈവേയിലെ അധികരിച്ച പരസ്യങ്ങള്‍, രക്തസാക്ഷി ഫണ്ട് എല്ലാം ജനങ്ങളില്‍ അവമതിപ്പ് കൂട്ടുവാൻ കാരണമായി.
സോഷ്യല്‍ മീഡിയയില്‍ പാർട്ടിക്ക് വേണ്ടി പോരാടിയിരുന്ന യുവപ്രവർത്തകരുടെ മൗനം തന്നെ ഇപ്പോള്‍ പ്രതിരോധമായി മാറിയിരിക്കുകയാണ്. നിരന്തരമായ പി ആർ പരാജയങ്ങള്‍ യുവാക്കളെ അകറ്റി നിർത്തിയെന്ന വിലയിരുത്തലും റിപ്പോർട്ടിലുണ്ട്.സാംസ്കാരിക രംഗത്തുനിന്നുള്ള പിന്തുണ കുറഞ്ഞതും ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട കടുത്ത പൊലീസ് തീരുമാനങ്ങളും ജനങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കിയതായി പറയുന്നു.പോരാളി ഷാജിമാരും, ആയങ്കിമാരും, അതുപോലെയുള്ള യുവരക്തങ്ങളും പഴയപോലെ പോരാടുന്നില്ല എന്നതും അണികളില്‍ ആത്മവിശ്വാസം കുറയുവാൻ കാരണമായി.
അവസാനം, ‘മുഖം മാറ്റം മാത്രമല്ല, മനോഭാവ മാറ്റം’ തന്നെയാണ് പാർട്ടിക്ക് ആവശ്യമായതെന്നതാണ് ഈ വിലയിരുത്തലിന്റെ സാരം. അഴിമതി, അധികാര അഹങ്കാരം, ജനവിരുദ്ധ ഇമേജ് – ഇവയെ തിരുത്തിയില്ലെങ്കില്‍ പേരുമാറ്റവും സ്ഥാനമാറ്റവും ഫലപ്രദമാകില്ല.തിരഞ്ഞെടുപ്പിന് മുമ്പ് തീരുമാനിക്കേണ്ടത് സ്ഥാനാർത്ഥി ആരെന്നതല്ല; ജനവിശ്വാസം എങ്ങനെ വീണ്ടെടുക്കാമെന്നതാണ്. അട്ടിമറികള്‍ ഇല്ലാതെ ഒരു ഭരണത്തുടർച്ച വളരെ അപ്രാപ്യമാണ് എന്നാണ് കണ്ടെത്തലുകള്‍.

















