ശബരിമലയിലെ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കഴിഞ്ഞ ദിവസം ദേവസ്വം വിജിലൻസ് കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയില്‍ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോർഡിനെ ഹൈക്കോടതി പരിഹസിക്കുകയും ശാസിക്കുകയും ചെയ്തത്.അഭിഷേക നെയ്യ് വില്‍പ്പനയുടെ കണക്കുകള്‍ എഴുതി സൂക്ഷിക്കുന്നത് 200 പേജിന്റെ നോട്ട്ബുക്കിലാണെന്ന് വിജിലൻസിന്റെ റിപ്പോർട്ടില്‍ പറയുന്നു. ബുക്കില്‍ നിറയെ വെട്ടലും തിരുത്തലുകളുമാെണ്. ഇതിനെ കുട്ടി ബുക്കെന്നാണ് കോടതി പരിഹസിച്ചത്.
പെട്ടിക്കടയില്‍ ഇതിലും നന്നായി കണക്ക് സൂക്ഷിക്കുമല്ലോയെന്ന് കോടതി ചോദിച്ചു. ഇത് ഒറ്റപ്പെട്ട ക്രമക്കേടല്ലെന്നും വിഭൂതി, കുങ്കുമം ഇടപാടുകളിലും പ്രശ്നങ്ങളുണ്ടെന്നും കോടതി പറഞ്ഞു. സംവിധാനങ്ങളിലും മേല്‍നോട്ടത്തിലും ഗുരുതര വീഴ്‌ച്ചയുണ്ടായെന്നും കോടതി നിരീക്ഷിച്ചു. പ്രസാദം വില്‍പ്പനയില്‍ സാമ്ബത്തിക സുതാര്യത ഉറപ്പാക്കണമെന്നും നിഷ്ക്രിയ കാഴ്‌ച്ചക്കാരനായിരിക്കില്ലെന്നും ദേവസ്വം ബോർഡിന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.
ശബരിമലയിലെ നെയ്യുമായി ബന്ധപ്പെട്ട് 21 ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. കേസില്‍ 33 പ്രതികളാണുളളത്. മൂന്ന് സ്പെഷ്യല്‍ ഓഫീസർമാരും, താല്‍ക്കാലിക ശാന്തിക്കാരും പ്രതിപ്പട്ടികയിലുണ്ട്. അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി വിജിലൻസിന് 45 ദിവസം സമയം അനുവദിച്ചു.
അഭിഷേകത്തിന് ശേഷമുള്ള ശിഷ്ടം നെയ്യ് പായ്‌ക്കറ്റിലാക്കി വില്‍പ്പന നടത്തിയിരുന്നു. ഇതിനായി ദേവസ്വം ബോര്‍ഡിന് കീഴിലെ ജീവനക്കാരെയാണ് ചുമതലപ്പെടുത്തിയത്. എന്നാല്‍ ലഭിച്ച മുഴുവന്‍ തുകയും ബോര്‍ഡില്‍ അടയ്‌ക്കാതെ ജീവനക്കാര്‍ സ്റ്റോക്കില്‍ ക്രമക്കേട് നടത്തുകയായിരുന്നു.

















