കുംഭമേള പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഭർത്താവ് മുഹമ്മദ് ഫർമാനെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി.അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടിനല്‍കണമെന്ന ഹരജി ഹൈക്കോടതി തള്ളി.ഇന്നലെ ഫാർമാന്റെ ജാമ്യ ഹരജി മധ്യപ്രദേശ് കോടതി തള്ളിയിരുന്നു.

മഹേശ്വറിലെ പ്രത്യേക പോക്സോ കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഇതിന് പിന്നാലെയായിരുന്നു കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നത്. അറസ്റ്റ് തടഞ്ഞുള്ള മുൻ ഉത്തരവ് നീട്ടണമെന്നായിരുന്നു ആവശ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ, ഫർമാന്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് ഉത്തരവിട്ട കേരള ഹൈക്കോടതി, കൃത്യമായ നിയമനടപടികള്‍ക്കായി മധ്യപ്രദേശ് കോടതിയെ സമീപിക്കാൻ ഇയാള്‍ക്ക് ഒരു മാസത്തെ സാവകാശം അനുവദിച്ചിരുന്നു. ഈ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഫർമാൻ മധ്യപ്രദേശിലെ പ്രത്യേക കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ കേസിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്ത് അവിടുത്തെ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

മാർച്ച്‌ 11നാണ് തിരുവനന്തപുരം പൂവാറിലെ ക്ഷേത്രത്തില്‍വച്ച്‌ പെണ്‍കുട്ടിയും ഫർമാൻ ഖാനും വിവാഹിതരായത്. പിതാവ് തന്നെ ബലം പ്രയോഗിച്ച്‌ നാട്ടിലേക്ക് കൊണ്ടുപോയി മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നുവെന്നും തനിക്ക് കാമുകനൊപ്പം പോകണമെന്നുമുള്ള പെണ്‍കുട്ടിയുടെ പരാതിയെ തുടർന്നാണ് പൊലീസ് കുട്ടിയെ സ്വന്തം താല്‍പര്യപ്രകാരം വിട്ടയച്ചത്.

എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന കാരണത്താല്‍ ഫർമാന്റെ പേരില്‍ മധ്യപ്രദേശില്‍ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പൊലീസ് കേരളത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക