മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മുന്നില്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഡിസ്കൗണ്ട് ബോർഡുകള്‍ സ്ഥാപിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഡ്രഗ്സ് കണ്‍ട്രോളറുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് സുപ്രധാന വിധി.
80 ശതമാനം വരെ ഡിസ്കൗണ്ട് തുടങ്ങിയ പരസ്യങ്ങള്‍ മരുന്നുകളുടെ വിപണനത്തില്‍ പൊതുജനങ്ങളില്‍ വലിയ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുണ്ടെന്ന സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു. ഇത്തരം നിർദ്ദേശങ്ങള്‍ അടങ്ങിയ സർക്കുലർ പുറപ്പെടുവിക്കാൻ ഡ്രഗ്സ് കണ്‍ട്രോളർക്ക് പൂർണ്ണമായ അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
പുതിയ ലൈസൻസ് നേടുന്നതിനും നിലവിലുള്ളത് പുതുക്കുന്നതിനും അപേക്ഷ നല്‍കുന്ന മെഡിക്കല്‍ ഷോപ്പ് ഉടമകള്‍, തെറ്റിദ്ധരിപ്പിക്കുന്ന ബോർഡുകള്‍ സ്ഥാപിക്കില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്ന സർക്കുലറിലെ വ്യവസ്ഥയും കോടതി ശരിവെച്ചു. അതേസമയം, മരുന്നുകള്‍ക്ക് വിലക്കുറവില്‍ വില്‍പന നടത്തുന്നതിന് ഈ ഉത്തരവ് തടസ്സമല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

















