തിരുവനന്തപുരത്ത് മാളിനുള്ളില്‍ വച്ച് പൊലീസുകാരനെ ആക്രമിച്ച കേസില്‍ പിടിയിലായ രണ്ട് എസ് എഫ് ഐ പ്രവർത്തകർക്കും രാത്രി തന്നെ ജാമ്യം ലഭിച്ചു. വിനയ് പ്രകാശ്, സുർജിത് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. രാത്രി തന്നെ പ്രതികളെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു പ്രതികള്‍ക്കെതിരെ ചുമത്തിയത്.
കേസ് പരിഗണിച്ച മജിസ്ട്രേറ്റ് ഇരുവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ മാളിനുള്ളില്‍ വച്ച് കുടുംബവുമായെത്തിയ പൊലീസുകാരനായ മിഥുൻ റോയിയെ ആണ് എസ് എഫ് ഐക്കാർ ആക്രമിച്ചത്. പുതുവത്സര തലേന്ന് ശംഖുമുഖത്ത് ഉണ്ടായ സംഘർഷത്തില്‍ എസ് എഫ് ഐ പ്രവർത്തകരെ മർദിച്ച പൊലീസുകാരനായിരുന്നു മിഥുൻ. ഇയാള്‍ക്കെതിരെ എസ് എഫ് ഐ പ്രവർത്തകർ പരാതിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം മാളില്‍ വച്ച് അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്.
പൊലീസ് സേനക്കുള്ളില്‍ അമർഷം:
അടികിട്ടിയ മിഥുനെതിരെ എസ് എഫ് ഐ പ്രവർത്തകർ നേത്തെ നല്‍കിയ പരാതിയില്‍ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. എസ് എഫ് ഐക്കാരുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിലാണ് സേനയ്ക്കുള്ളില്‍ വലിയ അമർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ മിഥുനെതിരെ എടുത്ത ജാമ്യമില്ലാ കേസ് പിൻവലിക്കാൻ തീരുമാനമായിട്ടുണ്ട്. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് നാളെ കോടതിയില്‍ നല്‍കും.
മിഥുൻ റോയിക്കെതിരെ കേസെടുത്തതില്‍ അന്വേഷണം നടത്തി റിപ്പോർട്ട് നല്‍കാൻ സിറ്റി പൊലിസ് കമ്മീഷണർ ഉത്തരവിട്ടിരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്താൻ ഇടയായ സാഹചര്യത്തില്‍ റിപ്പോർട്ട് നല്‍കാനായിരുന്നു നിർദേശം. ശംഖുമുഖത്തിൻ്റെ ചുമതലയുഉള ഫോർട്ട് എ സി പിക്കായിരുന്നു അന്വേഷണ ചുമതല. എസ് എഫ് ഐക്കാരുടെ പരാതിയില്‍ കഴമ്പില്ലെന്നും പ്രതിരോധം മാത്രമാണ് ഉണ്ടായതെന്നുമാണ് അന്വേഷണ റിപ്പോർട്ട്. ഫോർട്ട് എ സി പി സമാനമായ അന്വേഷണ റിപോർട്ട് കമ്മീഷണർക്ക് നല്‍കി. നാളെ ഈ റിപ്പോർട്ടാണ് കോടതിയില്‍ ഹാജരാക്കുക.

















