ഇൻസ്റ്റാഗ്രാം ഭരിക്കുന്നത് ഇപ്പോള്‍ എ.ഐ കാരിക്കേച്ചർ ട്രെൻഡ് ആണ്. ഉപയോക്താക്കള്‍ അവരുടെ ജോലി, ഹോബി തുടങ്ങിയവ സമന്വയിപ്പിച്ച് കാർട്ടൂണ്‍ രൂപങ്ങള്‍ നിർമിക്കുന്ന എ.ഐ കാരിക്കേച്ചർ നിർമിക്കാത്തവർ ഇന്ന് കുറവാണ്.എ.ഐ ടൂളില്‍ ഒരു കാരിക്കേച്ചർ നിർമിക്കുക എന്ന പ്രോംപ്റ്റ് നല്‍കിയാണ് ചാറ്റ് ജിപിടി കാരിക്കേച്ചറുകള്‍ സൃഷ്ടിക്കുന്നത്.
ചാറ്റ് ജി.പി.ടിയിലെ ഇമേജ് ജനറേഷൻ സാങ്കേതികവിദ്യ (DALL-E) ഉപയോഗിച്ചാണ് മിനിറ്റുകള്‍ക്കുള്ളില്‍ ഇത്തരം ചിത്രങ്ങള്‍ നിർമിക്കുന്നത്. അക്കൗണ്ട് ലോഗിൻ ചെയ്യുക. ചാറ്റ് ജി.പി.ടിക്ക് നിങ്ങളുടെ മുൻകാല ചാറ്റുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാൻ അക്കൗണ്ട് അത്യാവശ്യമാണ്. നിങ്ങളുടെ ജോലി, ഹോബികള്‍, ഇഷ്ടപ്പെട്ട സ്ഥലങ്ങള്‍ എന്നിവ വ്യക്തമായി പറയുക. നിങ്ങളെക്കുറിച്ച് മുമ്പ് നല്‍കിയ വിവരങ്ങള്‍ വെച്ച് എ.ഐ ചിത്രങ്ങള്‍ തയാറാക്കി നല്‍കും. ഇത് പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുമുണ്ട്. ഈ ട്രെൻഡ് രസകരമാണെങ്കിലും ഇതില്‍ വലിയ അപകടസാധ്യതകളുണ്ടെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.
ഡാറ്റാ ശേഖരണം: ഒരു കാരിക്കേച്ചർ ഉണ്ടാക്കാൻ ചാറ്റ് ജി.പി.ടിക്ക് നിങ്ങളെക്കുറിച്ച് ധാരാളം വിവരങ്ങള്‍ ആവശ്യമാണ്. നിങ്ങളുടെ ഫോട്ടോകള്‍, വ്യക്തിഗത വിവരങ്ങള്‍, ജോലിയുടെ സ്വഭാവം എന്നിവയെല്ലാം നിങ്ങള്‍ എ.ഐക്ക് കൈമാറുകയാണ് ചെയ്യുന്നത്.
എ.ഐ പരിശീലനം: നിങ്ങള്‍ നല്‍കുന്ന ഈ സ്വകാര്യ വിവരങ്ങള്‍ എ.ഐ മോഡലുകളെ കൂടുതല്‍ പരിശീലിപ്പിക്കാനായി കമ്പനികള്‍ ഉപയോഗിച്ചേക്കാം. ഒരിക്കല്‍ അപ്‌ലോഡ് ചെയ്താല്‍ അവ പൂർണ്ണമായും നീക്കം ചെയ്യാൻ കഴിയില്ല.
സ്വകാര്യതാ ലംഘനം: നിങ്ങള്‍ നല്‍കുന്ന ഡാറ്റ ഭാവിയില്‍ ഐഡന്റിറ്റി മോഷ്ടിക്കപ്പെടാനോ ദുരുപയോഗം ചെയ്യപ്പെടാനോ സാധ്യതയുണ്ട്.
യഥാർത്ഥ ഫോട്ടോകള്‍ നല്‍കുന്നത്: സ്വന്തം ഫോട്ടോകളും വ്യക്തിഗത വിവരങ്ങളും എ.ഐ ടൂളുകളുമായി പങ്കുവെക്കുന്നത് ആളുകള്‍ക്കിടയില്‍ ഒരു സാധാരണ കാര്യമായി മാറുന്നത് അപകടകരമാണെന്ന് വിദഗ്ധർ പറയുന്നു.
സുരക്ഷിതമായി എങ്ങനെ ചെയ്യാം?
നിങ്ങള്‍ക്ക് ഈ ട്രെൻഡിന്റെ ഭാഗമാകണം എന്നുണ്ടെങ്കില്‍ ചില മുൻകരുതലുകള്‍ എടുക്കാം. നിങ്ങളുടെ യഥാർത്ഥ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുന്നതിന് പകരം, നിങ്ങളെ വിവരിക്കുന്ന എഴുത്തുകള്‍ മാത്രം നല്‍കുക. വിവരങ്ങള്‍ പരിമിതപ്പെടുത്തുക. വളരെ സെൻസിറ്റീവ് ആയ വിവരങ്ങള്‍ (വീട്ടുപേര്, കൃത്യമായ ഓഫീസ് വിലാസം തുടങ്ങിയവ) നല്‍കാതിരിക്കുക. ചാറ്റ് ജി.പി.ടിയിലെ ‘Memory’ ഓപ്ഷൻ ഓഫാക്കി വെക്കുക. ഇത് നിങ്ങളുടെ പഴയ സംഭാഷണങ്ങള്‍ ഓർത്തെടുക്കുന്നതില്‍ നിന്ന് എ.ഐയെ തടയും. ഡാറ്റ സേവ് ചെയ്യപ്പെടാത്ത രീതിയിലുള്ള ‘ടെംപററി ചാറ്റ്’ സെഷനുകള്‍ ഉപയോഗിക്കുക. ഒരു വൈറല്‍ ട്രെൻഡിന്റെ ഭാഗമാകാൻ വേണ്ടി നിങ്ങളുടെ ഡിജിറ്റല്‍ സുരക്ഷ പണയപ്പെടുത്താതിരിക്കുക. പൊതുവായി പങ്കുവെക്കാൻ ആഗ്രഹിക്കാത്ത ഒരു കാര്യവും എ.ഐ പ്രോംപ്റ്റുകളില്‍ ഉള്‍പ്പെടുത്താതിരിക്കുക എന്നതാണ് ഏറ്റവും നല്ല രീതി.

















