താരതമ്യേനെ ചെറിയ ഇൻഡസ്ട്രി ആണെങ്കിലും മലയാള സിനിമ താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം അത്ര കുറവൊന്നുമല്ല. പ്രോജക്ടിന്റെ വലുപ്പം, ബജറ്റ്, ജനപ്രീതി എന്നിവ അനുസരിച്ച് ഓരോരുത്തരും വാങ്ങുന്ന പ്രതിഫലത്തില്‍ വലിയ ഏറ്റക്കുറച്ചിലുണ്ടാകും.ഇന്ന് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ആരാണ് വാങ്ങുന്നതെന്ന് ചോദിച്ചാല്‍ അതിനുത്തരം മോഹൻലാല്‍ എന്ന് തന്നെയാണ്. ഒരു ചിത്രത്തിന് 15-25 കോടി രൂപ വരെയാണ് അദ്ദേഹത്തിന്റെ പ്രതിഫലം എന്നാണ് അനൌദ്യോഗിക റിപ്പോർട്ടുകള്‍.
ബിഗ് ബോസ് ഷോ അവതരിപ്പിക്കുന്നതിനും ഉയർന്ന ശമ്പളം വാങ്ങുന്ന താരമാണ് മോഹൻലാല്‍. പ്രതിഫലക്കണക്കില്‍ മോഹൻലാലിന് തൊട്ട് താഴെയാണ് മമ്മൂട്ടി. ഒരു പ്രൊജക്ടിന് 12-22 കോടി രൂപ വരെ അദ്ദേഹം വാങ്ങുന്നുണ്ടത്രേ.
പ്രധാന നടന്മാരില്‍ പൃഥ്വിരാജ് സുകുമാരൻ 8-15 കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്. ദുല്‍ഖർ സല്‍മാൻ 6-12 കോടി രൂപയോളമാണ് ഈടാക്കുന്നത്. ഫഹദ് ഫാസില്‍ 6-10 കോടി രൂപ വരേയും വാങ്ങുന്നു. പ്രമുഖ നടിമാരില്‍ മഞ്ജു വാര്യർക്കാണ് മലയാളത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം. ഒരു ചിത്രത്തിന് 1-3 കോടി രൂപ വരെയാണത്രേ പ്രതിഫലം. കീർത്തി സുരേഷ് ബഹുഭാഷാ ചിത്രങ്ങള്‍ക്ക് 1-3 കോടി രൂപ വരെയും, നസ്രിയ നസിം 1-2 കോടി രൂപ വരെയും ഈടാക്കുന്നുവെന്നും കണക്കുകള്‍ പറയുന്നു. പാർവതി തിരുവോത്ത്, അനുപമ പരമേശ്വരൻ, കല്യാണി പ്രിയദർശൻ തുടങ്ങിയ നടിമാർക്ക് പ്രോജക്ടിന്റെ വ്യാപ്തി അനുസരിച്ച് 2 കോടി രൂപ വരെ പ്രതിഫലം ഉണ്ടെന്ന് ചില റിപ്പോർട്ടുകള്‍ പറയുന്നു.
കോടികള്‍ അല്ലാതെ ലക്ഷങ്ങള്‍ മാത്രം പ്രതിഫലം വാങ്ങിയ ഒരു സമയം താരങ്ങള്‍ക്ക് ഉണ്ടായിരുന്നു, അതെ തൊണ്ണൂറുകളില്‍. അന്ന് താരങ്ങള്‍ വാങ്ങിയിരുന്ന പ്രതിഫലക്കക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. കേരള ബോക്സ് ഓഫീസ് എന്ന എക്സ് പേജിലൂടെയാണ് 90കളില്‍ നടീനടൻമാർ വാങ്ങിയ പ്രതിഫലക്കണക്കുകള്‍ ഉള്ളത്. മാഗസീൻ പേജിൻ്റെ ഒരു ഭാഗമാണ് പ്രചരിക്കുന്നത്.

















