തിരുവനന്തപുരത്ത് ആഡംബര കാർ ഇടിച്ച് ബൈക്ക് യാത്രികർക്ക് പരിക്കേറ്റ സംഭവത്തില്‍ നടന്‍ മണിയന്‍പിള്ള രാജുവിനായി അന്വേഷണം വ്യാപിപിച്ച് പോലീസ്. KL 01 CJ 04 നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. ഇത് നടൻ്റെ പേരിലുള്ള കാറാണ്. വാഹനത്തിന്‍റെ ഉടമ സുധീര്‍കുമാര്‍ രാജു എന്നാണ് റജിസ്ട്രേഷനിലുള്ളതെന്ന് പോലീസ് പറഞ്ഞു. നടൻ്റെ യഥാർത്ഥ പേരാണ് ഇത്.
ഇന്നലെ രാത്രി പത്തു മണിയോടെ ട്രിവാൻഡ്രം ക്ലബ്ബിന് മുന്നില്‍ വെച്ചായിരുന്നു അപകടം. ട്രിവാന്‍ഡ്രം ക്ലബിലെ സുബ്രമണ്യം ഹാളില്‍ നിന്ന് പുറത്തേക്ക് വരുകയായിരുന്ന കാർ വെള്ളയംബലം ഭാഗത്ത് നിന്നും വന്ന ബൈക്കുകാരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്.പരുക്കേറ്റ രണ്ടുപേരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ നിവേദിതിന്‍റെ കാലുകള്‍ ഒടിഞ്ഞു. സൂരജിന്റെ നട്ടെല്ലിന് പരിക്കുണ്ട്.
അപകടത്തില്‍ കാറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകട സ്ഥലത്ത് പോലീസ് നടത്തിയപ്പോള്‍ വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് ലഭിച്ചിട്ടുണ്ട്. അപകടത്തില്‍ നമ്പർ പ്ലേറ്റ് ഇളകിവീണതാകാമെന്നാണ് വിലയിരുത്തല്‍. നമ്പർ പ്ലേറ്റ് വെച്ച് പരിശോധിച്ചപ്പോഴാണ് കാർ മണിയൻപിള്ള രാജുവിൻ്റെ പേരിലുള്ളതാണെന്ന് കണ്ടെത്തിയത്. കാറിൻ്റെ ഉടമയെ തിരിച്ചറിഞ്ഞതിന് പിന്നാലെ പോലീസ് രണ്ട് തവണ മ്യൂസിയം പോലീസ് മണിയന്‍പിള്ള രാജുവിന്റെ വീട്ടില്‍ എത്തിയെങ്കിലും അദ്ദേഹം അവിടെയില്ല. വാഹനവും കണ്ടെത്താനായിട്ടില്ല. മണിയന്‍പിള്ള രാജുവിന്‍റെ മൊബൈലില്‍ പോലീസ് പല തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇപ്പോഴും ഫോണ്‍ സ്വിച്ച് ഓഫാണ്.
അതിനിടെ കാർ താൻ തന്നെയാണ് ഓടിച്ചതെന്ന് മണിയൻ പിള്ള രാജു പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഒരു ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നും ഭയം കാരണമാണ് കാർ നിർത്താതിരുന്നതെന്നും രാജു പറഞ്ഞു. ഉടൻ തന്നെ പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും താരം അറിയിച്ചു.

















