പിറന്നാളാഘോഷത്തിനിടെ അമിത വേഗതയില്‍ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തില്‍പെട്ട് മരിച്ച യുവതി മലയാളി.കോട്ടയത്ത് കുടുംബവേരുള്ള ബാന്ദ്ര നിവാസി റബേക്ക ജേക്കബ് (24), സുഹൃത്ത് യോഗേഷ് കിഷൻ (24) എന്നിവരാണ് ബദ്‌ലാപുരില്‍ ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തില്‍ മരിച്ചത്.
ഒപ്പമുണ്ടായിരുന്ന അങ്കത് ഗുരുതര പരുക്കുകളോടെ താനെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെയായിരുന്നു റബേക്കയുടെ ജന്മദിനം. ബാന്ദ്ര വെസ്റ്റ് പാലി ഹില്‍ റോഡ് 21 ആബാർ അപ്പാർട്മെന്റ്സില്‍ ബാബു ജേക്കബിന്റെയും ഗേളിയുടെയും മകളാണ് മരണപ്പെട്ട റബേക്ക. സഹോദരി: റേച്ചല്‍. സംസ്കാരച്ചടങ്ങുകള്‍ ഇന്നു രാവിലെ 11ന് വസതിയിലും തുടർന്നു ദാദർ ഓർത്തഡോക്സ് പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം ശിവ്‌രി ക്രിസ്ത്യൻ സെമിത്തേരിയിലും നടത്തും.
നിർമ്മാണം പുരോഗമിക്കുന്ന മുംബൈ-ഡെല്‍ഹി എക്സ്പ്രസ് വേയില്‍ ബദ്ലാപൂരിന് സമീപം നിയന്ത്രണം വിട്ട ബി.എം.ഡബ്ല്യു കണ്‍വേർട്ടിബിള്‍ മോഡല്‍ കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് രണ്ട് പേരും തല്‍ക്ഷണം മരണപ്പെടുകയായിരുന്നു. അപകടം നടക്കുന്നതിന് മിനിറ്റുകള്‍ മുൻപ് റെക്കോർഡ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ മണിക്കൂറില്‍ 251 കിലോമീറ്റർ വേഗമാണ് വാഹനത്തിന് കാണിക്കുന്നത്. അമിതവേഗത്തിലായിരുന്ന കാർ ഡിവൈഡറിലിടിച്ച ശേഷം റോഡില്‍ പലതവണ മറിഞ്ഞെരുന്നെന്നും വാഹനം പൂർണമായി തകർന്ന നിലയിലാണെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ 2:30-ഓടെ ബദ്ലാപൂരിനടുത്തുള്ള ഈരഞ്ജാദിലാണ് സംഭവം. മുംബൈ- വഡോദര ഹൈവേയില്‍ ടിറ്റ്‌വാല ഭാഗത്തു നിന്നു ബദ്‌ലാപുരിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
ശനിയാഴ്ച രാത്രി സുഹൃത്തുക്കള്‍ ബദ്ലാപൂർ വെസ്റ്റില്‍ ഒത്തുകൂടി റബേക്കയുടെ ജന്മദിനം ആഘോഷിച്ചിരുന്നു. ഇതിനുശേഷമാണ് ഇവർ അങ്കദിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ബി.എം.ഡബ്ല്യു കാറില്‍ റൈഡിനിറങ്ങിയത്. പൊതുജനങ്ങള്‍ക്ക് സഞ്ചരിക്കാൻ അനുമതിയില്ലാത്ത, നിർമ്മാണം നടക്കുന്ന എക്സ്പ്രസ് വേയുടെ ഭാഗത്താണ് ഇവർ വണ്ടിയോടിച്ചത്. പത്ത് വരി പാതയായതിനാല്‍ കാർ പരമാവധി വേഗതയില്‍ ഓടിക്കുകയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. അതിവേഗത്തില്‍ പാഞ്ഞ കാർ റോഡിലെ സിമന്റ് ബാരിക്കേഡുകളോ ഡിവൈഡറോ വെട്ടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് സെൻട്രല്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
‘പുലർച്ചെ 2 മണിക്കും 3 മണിക്കും ഇടയില്‍ ഹൈവേയിലൂടെ നടക്കാനിറങ്ങിയപ്പോള്‍ ഈ കാർ അതിവേഗത്തില്‍ രണ്ടുതവണ ഞങ്ങളെ കടന്നുപോയി. മൂന്നാമത്തെ റൗണ്ടില്‍ വലിയൊരു സ്ഫോടന ശബ്ദം കേട്ടു. ചെന്നുനോക്കുമ്പോള്‍ കാർ പൂർണ്ണമായും തകർന്നിരുന്നു’- ദൃക്‌സാക്ഷി പൊലീസിനോട് പറഞ്ഞു. കാർ ഓടിച്ചിരുന്നത് അങ്കദ് ആണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ ആഘാതത്തില്‍ കാർ പൂർണ്ണമായും തകർന്നിരുന്നു. കാറിന്‍റെ സണ്‍റൂഫ് തുറന്നിട്ട നിലയിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിലിരുന്നവർ 500 മീറ്ററോളം ദൂരേക്ക് തെറിച്ചുപോയി. ശരീരഭാഗങ്ങള്‍ റോഡിന്റെ പല ഭാഗങ്ങളിലായി 100 മീറ്റർ ദൂരത്തോളം ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. കാറിന്റെ എഞ്ചിൻ ഇടി നടന്ന സ്ഥലത്തുനിന്നും 30 മീറ്റർ അകലെയാണ് തെറിച്ചുവീണത്. സംഭവത്തില്‍ ബദ്ലാപൂർ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

















