ദേശീയ പക്ഷിയും, ദേശീയ മൃഗത്തെയുമൊക്കെ ഒരു നാട് തെരഞ്ഞെടുക്കുന്നത് ആ ജീവി വർഗത്തിന്‍റെ നിലനില്‍പ്പിനെ സംരക്ഷിക്കാൻ വേണ്ടി കൂടിയാണ്.അതോടൊപ്പം ഒരു നാടിനെ ഒന്നിപ്പിക്കുന്ന ദേശീയത എന്ന വികാരത്തെ പുനർനിർമ്മിക്കാനും ഇത്തരം ചിഹ്നങ്ങള്‍ ഉപയോഗിക്കപ്പെടുന്നു. ഏതൊരു ദേശത്തെ ജനതയും അവരുടെ ദേശീയ പക്ഷിയെയും മൃഗത്തെയും ആദരവോടെയും ബഹുമാനത്തോടെയുമാണ് കാണുക.
എന്നാല്‍ ഈ വീഡിയോ അതില്‍ നിന്നും തികച്ചും വിരുദ്ധമായൊരു കാര്യമാണ് കാട്ടിത്തരിക. റോഡില്‍ ബൈക്കിന് അടിയില്‍പ്പെട്ട് പരിക്കേറ്റ കരഞ്ഞ ഒരു മയിലിനെ അതിന്‍റെ ജീവൻ നഷ്ടപ്പെടും മുമ്പ് ഒരു ദയയും ഇല്ലാതെ പീലികള്‍ പറിച്ചെടുക്കുന്ന ഒരു കൂട്ടും മനുഷ്യരുടെ വീഡിയോയായിരുന്നു അത്.
പരിക്കേറ്റ് ജീവന് വേണ്ടി നിലവിളിച്ച് മയില്‍
റോഡരികില്‍ പരിക്കേറ്റ് കിടന്നിരുന്ന മയിലിനെ സഹായിക്കുന്നതിനു പകരം ആളുകള്‍ അതിന്‍റെ പീലികള്‍ പറിച്ചെടുക്കുന്നത് വീഡിയോയില്‍ കാണാം. ഏറെ അസ്വസ്ഥത ഉണ്ടാക്കുന്ന വീഡിയോ സമൂഹ മാധ്യമത്തില്‍ വലിയ പ്രതിഷേധമാണ് വിളിച്ച് വരുത്തിയത്. വീഡിയോയുടെ തുടക്കത്തില്‍ റോഡ് മുറിക്ക് കടക്കാൻ ശ്രമിക്കുന്ന മയിലിനെ കാണാം. എന്നാല്‍ തൊട്ട് അടുത്ത നിമിഷം ഒരു ബൈക്ക് പാഞ്ഞ് വന്ന് മയിലിന് മുകളിലൂടെ മുന്നോട്ട് നീങ്ങുന്നു. വേദന കൊണ്ട് പുളഞ്ഞ മയില്‍ റോഡില്‍ കിടന്ന് കരഞ്ഞു.
സംഭവം കണ്ട് ഓടിക്കൂടിയവരാകട്ടെ മയിലിനെ മൃഗ ഡോക്ടറുടെ അടുത്ത് എത്തിക്കുന്നതിന് പകരം അതിന്‍റെ തൂവലുകള്‍ ഓരോന്നായി പറിച്ചെടുക്കുന്നതും കാണാം. ചിലർ തിരക്ക് മൂലം ഒന്നിച്ച് നിരവധി പീലികളില്‍ പിടിച്ച് വലിക്കുന്നു. ഇതോടെ അതിന്‍റെ ശരീരത്തില്‍ നിന്നും തൊലി അടക്കം പറിഞ്ഞ് വരുന്നതും വീഡിയോയില്‍ കാണാം. വീഡിയോ പങ്കുവച്ച് കൊണ്ട് ദേബാശിഷ് സർക്കാർ എഴുതിയതും മറ്റൊന്നല്ല. നമ്മുടെ ഹൃദയത്തില്‍ നിന്നും മനുഷ്യത്വം നഷ്ടപ്പെടുകയാണെന്ന് അദ്ദേഹം എഴുതി. അതേസമയം വീഡിയോ എവിടെ നിന്നുള്ളതാണെന്നോ എപ്പോള്‍ സംഭവിച്ചതാണെന്നോ കൃത്യമായി പറയുന്നില്ല.
എന്ത് ദേശീയത? എന്ത് മനുഷ്യത്വം?
മനുഷ്യത്വത്തിന് തന്നെ നാണക്കേടെന്നായിരുന്നു പലരും വീഡിയോയ്ക്ക് താഴെ കുറിച്ചത്. ഇത്തരം ആളുകള്‍ക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് ചിലർ ചൂണ്ടിക്കാണിച്ചു. ഒരു പക്ഷിയുടെ ജീവന് വേണ്ടിയുള്ള വേദന പോലും സ്വന്തം വീട്ടിലെ അലങ്കാരത്തിനായി ഉപയോഗിക്കുന്നത് അങ്ങേയറ്റം ക്രൂരമാണെന്ന് മറ്റ് ചിലർ കുറിച്ചു. ദേശീയത എന്നത് ഒരു നാടിനെ ഒന്നിപ്പിക്കുന്ന ഒരു വികാരമാണെങ്കില്‍ നമ്മുടെ നാടിന് ആ വികാരം നഷ്ടപ്പെട്ടോയെന്നായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന മറ്റൊരു കുറിപ്പ്. അടിസ്ഥാനപരമായ കാര്യങ്ങളില്‍ മാറ്റമുണ്ടാകുമ്പോള്‍ മനുഷ്യന്‍റെ പ്രതികരണം പലപ്പോഴും ഹിംസാത്മകമാകുമെന്ന് മറ്റ് ചിലർ ചൂണ്ടിക്കാണിച്ചു.

















