അതീവ പ്രാധാന്യമുള്ള സിനഡ് സമ്മേളനം നടക്കുന്നതിനിടെ, സിറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെത്തി സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മേജർ ആർച്ച്‌ ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍ ഉള്‍പ്പെടെയുള്ള ഉന്നത സഭാ നേതാക്കളുമായി ഒരു മണിക്കൂറിലേറെ അദ്ദേഹം ചർച്ച നടത്തി.

ഔദ്യോഗിക പൈലറ്റ് വാഹനവും സ്റ്റേറ്റ് കാറും ഒഴിവാക്കിയാണ് വി.ഡി. സതീശൻ സഭാ ആസ്ഥാനത്തെത്തിയത്. ഇന്നലെ രാത്രി ഒൻപതേകാലോടെയായിരുന്നു ഈ അപ്രതീക്ഷിത സന്ദർശനം. സഭയുടെ ആഭ്യന്തര കാര്യങ്ങളില്‍ നിർണായക തീരുമാനങ്ങളെടുക്കുന്ന സിനഡ് സമ്മേളനം നടക്കുന്ന സമയത്ത് പുറത്തുനിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രവേശനം നല്‍കുന്നത് അപൂർവ്വമാണ്. സഭാ നേതൃത്വം ഒരുക്കിയ അത്താഴ വിരുന്നിലും പങ്കെടുത്ത ശേഷമാണ് പ്രതിപക്ഷ നേതാവ് മടങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സഭയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സിനഡ് ഗൗരവമായ ചർച്ചകള്‍ നടത്തുന്നതിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ സന്ദർശനം. സഭയുടെ ഭാഗത്തുനിന്ന് സതീശനെ ക്ഷണിച്ചതാണോ അതോ അദ്ദേഹം സ്വയം എത്തിയതാണോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സഭാ ആസ്ഥാനത്ത് എത്തുന്നതിന്റെയും മടങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനത്തെ നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളും സഭ ഉന്നയിക്കുന്ന വിവിധ ആവശ്യങ്ങളും കൂടിക്കാഴ്ചയില്‍ ചർച്ചയായിട്ടുണ്ടാകാമെന്നാണ് സൂചന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക