കിഴക്കമ്പലം മലയിടംതുരുത്ത് പാലിയത്തുകാവില്‍ കോളനി നിവാസികളെ കുടിയൊഴിപ്പിക്കാൻ ശ്രമിച്ച സംഭവത്തില്‍ വിഡി സതീശൻ സർക്കാരിനെതിരെ ആദ്യ പരസ്യ പ്രതിഷേധവുമായി സിപിഎം.ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് കോളനിയില്‍ പൊലീസ് എത്തിയതിനെതിരെ സിപിഎം നേതൃത്വത്തില്‍ മലയിടംതുരുത്തില്‍ ഭവന സംരക്ഷണ സദസ് സംഘടിപ്പിച്ചു.

പ്രതിഷേധ സദസ് പാർട്ടി കേന്ദ്ര കമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ പി. രാജീവ് ഉദ്ഘാടനം ചെയ്തു.കോടതി വിധിയുടെ മറവില്‍ കോളനിവാസികളെ ബലംപ്രയോഗിച്ച്‌ ഒഴിപ്പിക്കാൻ പൊലീസ് നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. കുടിയൊഴിപ്പിക്കല്‍ വിവാദത്തില്‍ നിലവിലെ പൊലീസ് നടപടിയെയും ആഭ്യന്തര വകുപ്പിനെയും രൂക്ഷമായി വിമർശിച്ചാണ് പി. രാജീവ് മാദ്ധ്യമങ്ങളോട് സംസാരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘മുൻപ് അഡ്വക്കേറ്റ് കമ്മീഷനും പൊലീസുമെല്ലാം വന്ന് കുടിയൊഴിപ്പിക്കാൻ ശ്രമിച്ചപ്പോള്‍, ഭരണസംവിധാനത്തിന്റെ ഭാഗമായിരുന്ന വ്യക്തി എന്ന നിലയില്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് താല്‍ക്കാലിക പരിഹാരം ഉണ്ടാക്കാനാണ് അന്ന് ഞങ്ങള്‍ ശ്രമിച്ചത്. കോടതി വിധിയുള്ളതുകൊണ്ട് സർക്കാരിന് അതില്‍ നേരിട്ട് ഒത്തുതീർപ്പ് കല്‍പ്പിക്കാൻ കഴിയില്ലായിരുന്നു. എങ്കിലും, പൊലീസ് ബലം പ്രയോഗിച്ച്‌ പാവപ്പെട്ടവരെ ഒഴിപ്പിക്കുന്ന സാഹചര്യം ഉണ്ടാകരുത് എന്ന ഉറച്ച നിലപാടാണ് അന്ന് എല്‍.ഡി.എഫ് സർക്കാർ സ്വീകരിച്ചത്.’ – പി. രാജീവ് പറഞ്ഞു.

2022ല്‍ കോടതി വിധി വന്നിട്ടും ഇത്രയും കാലം കോളനിവാസികള്‍ക്ക് അവിടെത്തന്നെ താമസിക്കാൻ കഴിഞ്ഞത് അന്നത്തെ സർക്കാർ സ്വീകരിച്ച മാനുഷിക പരിഗണന മുൻനിർത്തിയുള്ള സമീപനം കൊണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവില്‍ ആഭ്യന്തര വകുപ്പ് പാവപ്പെട്ട കോളനിവാസികളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു എന്നാണ് പ്രാദേശിക നേതൃത്വം പറയുന്നത്. ഈ പ്രശ്നത്തില്‍ സർക്കാർ നേരിട്ട് കക്ഷിയല്ലെങ്കില്‍ പോലും, പൊലീസ് കാണിച്ച അമിതാവേശം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പാർട്ടി.

കോളനി നിവാസികള്‍ക്ക് ഭൂമിയും വീടും ഉറപ്പാക്കുന്നത് വരെ സമരം തുടരാനാണ് സിപിഎം തീരുമാനം. ഇന്നലെയാണ് കുടിയൊഴിപ്പിക്കല്‍ നടപടി നടന്നത്. പൊലീസ് ബലപ്രയോഗത്തെ കോളനി നിവാസികള്‍ എതിർത്തതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇടപ്പെട്ട് കുടിയൊഴിപ്പിക്കല്‍ നടപടി നിർത്തിവയ്പ്പിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക