റദ്ദാക്കിയ സില്‍വർലൈനിന് പകരം അതിവേഗറെയില്‍ കൊണ്ടുവരാനുള്ള നീക്കം സജീവമാക്കി സർക്കാർ. സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി വി.ഡി.സതീശനെ കണ്ട മെട്രോമാൻ ശ്രീധരൻ തിരുവനന്തപുരം-കണ്ണൂർ പാതയുടെ പദ്ധതിരേഖ കൈമാറി.കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനിവൈഷ്‌ണവിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയതാണിത്.
കേന്ദ്രത്തിന് താത്പര്യമുള്ള പദ്ധതിയായതിനാല്‍ സംസ്ഥാനസർക്കാർ ശ്രീധരന്റെ പദ്ധതിയുമായി സഹകരിക്കും. ഒരുമിച്ച് നീങ്ങാമെന്നും 15ദിവസത്തിനകം മന്ത്രിസഭായോഗത്തില്‍ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ശ്രീധരനോട് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രാനുമതിയോടെ 5വർഷംകൊണ്ട് നിർമ്മാണം പൂർത്തിയാക്കാമെന്നാണ് ശ്രീധരന്റെ ഉറപ്പ്. തിരുവനന്തപുരം മുതല്‍ കണ്ണൂർ വരെ 430 കിലോമീറ്റർ മൂന്ന് മണിക്കൂർ 15 മിനിറ്റ് കൊണ്ട് പിന്നിടാൻ സാധിക്കുന്ന ബദല്‍പാതയാണ് ഇ.ശ്രീധരൻ മുന്നോട്ടുവയ്ക്കുന്നത്. നാല് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പാതയുടെ ഏകദേശം 70 ശതമാനത്തോളം തൂണുകളിലൂടെയുള്ള എലിവേറ്റഡ് പാതയായും 20 ശതമാനത്തോളം ഭൂഗർഭ പാതയായും നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. മണിക്കൂറില്‍ 200 കിലോമീറ്ററാണ് പരമാവധി വേഗം. 86,000 കോടി മുതല്‍ ലക്ഷം കോടി വരെയാണ് നിർമാണചെലവ്.
ഭൂഗർഭപാതയ്ക്കല്ലാതെ ഭൂമിയേറ്റെടുക്കലില്ലാത്തതിനാല്‍ ജനങ്ങളുടെ എതിർപ്പുണ്ടാവില്ല. എലിവേറ്റഡ് പാതയ്ക്ക് 20മീറ്റർ വീതിയില്‍ ഭൂമി മതിയാവും. നിർമ്മാണം പൂർത്തിയാക്കിയാല്‍ ഭൂമി ഉടമയ്ക്ക് തിരികെ നല്‍കും. കണ്ണൂർ വരെയാണ് പദ്ധതിരേഖ, എങ്കിലും അടുത്തഘട്ടങ്ങളില്‍ കണ്ണൂരില്‍നിന്ന് മംഗളൂരുവിലേക്കും കോഴിക്കോട്ട് നിന്ന് കല്‍പ്പറ്റയിലേക്കും പട്ടാമ്പിയില്‍ നിന്ന് പാലക്കാട്ടേക്കും തൃശൂരില്‍ നിന്ന് പാലക്കാട്ടേക്കും ഗുരുവായൂരിലേക്കും പാത നീട്ടാമെന്ന് ശ്രീധരൻ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. പത്തനംതിട്ടയില്‍ നിന്ന് പമ്പയിലേക്കും തിരുവനന്തപുരത്ത് നിന്ന് പാറശാലയിലേക്കും പാത നീട്ടാം. അതിവേഗറെയില്‍ തീരുമാനം മന്ത്രിസഭായോഗം കൈക്കൊണ്ടശേഷം ശ്രീധരനുമായി ചർച്ചയുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

















