കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ അച്ഛനും തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് മുൻ അംഗവുമായ കെ.പി. ശങ്കരദാസിനെ ശബരിമല സ്വര്‍ണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹം ശക്തമായി. സുപ്രീംകോടതി ശങ്കരദാസ് സമര്‍പ്പിച്ച ഹര്‍ജി തള്ളിയതോടെയാണ്ദേവസ്വം ബോര്‍ഡ് മുന്‍ അംഗമായ കെ.പി. ശങ്കരദാസിനെ അറസ്റ്റ് ചെയ്തേക്കുമെന്ന സംശയം ബലപ്പെടുന്നത്.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തനിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.പി. ശങ്കരദാസ് സുപ്രിംകോടതിയെ സമീപിച്ചത്. എന്നാല്‍ സുപ്രീംകോടതി ഈ ഹര്‍ജി തള്ളുകയായിരുന്നു. കെ.പി. ശങ്കരദാസിന്റെ ആരോഗ്യനില മോശമാണ്. കഴിഞ്ഞ ആഴ്ച അദ്ദേഹത്തിന് പക്ഷാഘാതമുണ്ടായി. “പ്രായത്തിന്റെ ആനുകൂല്യം മാത്രമാണ് നിങ്ങളോട് അനുഭാവമുള്ളത്. നിങ്ങളുടെ മെറിറ്റും പരിഗണിക്കും.”. – സുപ്രീംകോടതി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശബരിമല സ്വര്‍ണ്ണക്കൊള്ള നടന്ന കാലത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്യുകയും അംഗമായ കെ.പി. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാതിരിക്കുകയും ചെയ്തതിനെ ഹൈക്കോടതി ശക്തമായി വിമര്‍ശിച്ചിരുന്നു.ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ശബരിമലയില്‍ നടന്നത് വന്‍ക്രമക്കേടാണെന്നും ദൈവത്തെപ്പോലും നിങ്ങള്‍ വെറുതെവിട്ടില്ലല്ലോ എന്ന് സുപ്രീംകോടതി ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് പരസ്യവിമര്‍ശനം ഉന്നയിച്ചിരുന്നു. സ്വര്‍ണ്ണക്കൊള്ള നടന്ന സമയത്ത് ദേവസ്വം അംഗമായിരുന്ന ശങ്കരദാസിന് അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണപ്പാളി കൈമാറാന്‍ തീരുമാനമെടുത്ത ദേവസ്വം ബോര്‍ഡ് യോഗത്തിന്റെ മിനിറ്റ്സില്‍ ശങ്കരദാസും ഒപ്പുവെച്ച കാര്യവും കോടതി പറഞ്ഞു.

കെ.പി. ശങ്കരദാസിനെ ഒരിക്കല്‍ പേരിനുമാത്രം ചോദ്യം ചെയ്ത് എസ്‌ഐടി വിട്ടയച്ചിരുന്നു. പത്മകുമാറിനു പിന്നാലേ അടുത്ത ഊഴം ശങ്കരദാസ് ആണെന്ന് വ്യക്തമായതോടെ അദ്ദേഹത്തിന്റെ മകന്‍ ഹരിശങ്കര്‍ ചെലുത്തിയ സമ്മര്‍ദവും തുടര്‍നടപടികള്‍ മന്ദീഭവിക്കാന്‍ കാരണമായി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് കേസിലെ പ്രധാന കണ്ണികളില്‍ ഒരാളായ മുന്‍ തിരുവാഭരണ കമ്മിഷണര്‍ ആര്‍.ജി. രാധാകൃഷ്ണനെ അറസ്റ്റു ചെയ്തത്.സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം മന്ദഗതിയിലാക്കിയ എസ്‌ഐടിയെ ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. ഇതോടെ, ഗത്യന്തരമില്ലാതെയാണ് ശങ്കരദാസിനെയും വിജയകുമാറിനെയും കസ്റ്റഡിയില്‍ എടുക്കാന്‍ നീക്കം സജീവമാക്കിയത്.

സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയേയും റോധം ജൂവലറി ഉടമ ഗോവര്‍ദ്ധനേയും അറസ്റ്റ് ചെയ്തിട്ടും ഹൈദരാബാദ് സ്വദേശി നാഗേഷിനെ ചോദ്യം ചെയ്യാത്ത എസ്‌ഐടി നിലപാട് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനത്തിന് കാരണമായേക്കും. ഇനിയും ഉദാസീനത തുടര്‍ന്നാല്‍ ഇ ഡിക്ക് പുറമെ സിബിഐ അന്വേഷണത്തിനു കൂടി ഹൈക്കോടതി ഉത്തരവിടുമോ എന്ന ഭയവും എസ്‌ഐടിക്കും സര്‍ക്കാരിനുമുണ്ട്. സമാന്തര അന്വേഷണത്തിന് ഇ ഡിക്ക് ആവശ്യമായ രേഖകള്‍ കൈമാറാന്‍ കൊല്ലം വിജിലന്‍സ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക