ഇടതുമുന്നണിയുടെ മേഖലാ ജാഥയില്‍ ശബരിമല സ്വര്‍ണക്കൊള്ള വിവാദത്തില്‍ മറുപടി പറയേണ്ട ബാധ്യത കേരള കോണ്‍ഗ്രസ്‌(എം) ചെയര്‍മാന്‍ ജോസ്‌ കെ. മാണിക്ക്‌. ശബരിമല സ്വര്‍ണക്കൊള്ളയുടെ പേരില്‍ പ്രതിഷേധമിരമ്ബുന്ന പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളുള്‍പ്പെടുന്ന മധ്യമേഖലാ ജാഥാ ക്യപ്റ്റനാണ്‌ ജോസ്‌ കെ. മാണി. ഈ ജില്ലകളിലെ പര്യടനത്തില്‍ ശബരിമല വിവാദത്തില്‍ ഇടതുമുന്നണിയെ സുരക്ഷിതമാക്കേണ്ട ദൗത്യമാണ്‌ ജോസ്‌ കെ. മാണിക്കുള്ളത്‌. ഇതാണ്‌ കേരള കോണ്‍ഗ്രസി(എം)നെ പ്രതിസന്ധിയിലാക്കുന്നത്‌. ഫെബ്രുവരി ഒന്നു മുതല്‍ 15 വരെയാണ്‌ എല്‍.ഡി.എഫ്‌. മേഖലാ ജാഥകള്‍ സംഘടിപ്പിച്ചിരിക്കുന്നത്‌. മുന്നു മേഖലകളായി നടത്തുന്ന ജാഥയില്‍ ജോസ്‌ കെ.മാണിയെ കൂടാതെ സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി ബിനോയി വിശ്വവുമാണ്‌ മറ്റു രണ്ട്‌ ക്യാപ്റ്റന്‍മാര്‍.

എന്നാല്‍ ശബരിമല സ്വര്‍ണ വിവാദത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ പ്രതിഷേധമുയര്‍ന്ന ജില്ലകളില്‍ മറുപടി പറയാന്‍ ജോസ്‌ കെ. മാണിയെ നിയോഗിച്ചതില്‍ കേരള കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌ അതൃപ്‌തിയുണ്ടെന്നാണ്‌ അറിയുന്നത്‌.സ്വര്‍ണക്കൊള്ള കേസില്‍ അറസ്‌റ്റിലായ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കളായ എ. പത്മകുമാറിനും എന്‍.വാസുവിനുമെതിരേ സി.പി.എം. ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലുള്‍പ്പടെ ഇവരെ എങ്ങനെ ന്യായീകരിക്കുമെന്ന ചോദ്യമാണ്‌ കേരള കോണ്‍ഗ്രസ്‌ (എം) നേതൃത്വം ഉയര്‍ത്തുന്നത്‌. മാത്രമല്ല ശബരിമല സ്‌ഥിതി ചെയ്യുന്ന റാന്നി നിയോജക മണ്ഡലത്തിന്റെ പ്രതിനിധി കേരള കോണ്‍ഗ്രസ്‌ (എം)ന്റെ പ്രതിനിധി പ്രമോദ്‌ നാരായണനാണ്‌. എരുമേലി ഉള്‍പ്പപ്പെടുന്ന പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിന്റെ എം.എല്‍.എ. കേരള കോണ്‍ഗ്രസ്‌ (എം)ന്റെ സെബാസ്‌റ്റ്യന്‍ കുളത്തുങ്കലും.ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തിലടക്കം ശക്‌തമായ നിലപാട്‌ സ്വീകരിച്ച എന്‍.എസ്‌.എസിന്റെ ആസ്‌ഥാനം സ്‌ഥിതി ചെയ്യുന്ന ചങ്ങനാശേരി നിയോജക മണ്ഡലത്തിലും പാര്‍ട്ടി പ്രതിനിധിയാണ്‌ നിയമസഭാംഗം.-ജോബ്‌ മൈക്കിള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച്‌ ഈ മുന്നു നിയോജക മണ്ഡലത്തിലും ഇടതുമുന്നണി വളരെ പിന്നാക്കം പോയിരുന്നു. കേരള കോണ്‍ഗ്രസി (എം)നും വലിയ തിരിച്ചടിയാണു നേരിട്ടത്‌.ഇതിന്റെ പ്രധാന കാരണം ശബരിമല സ്വര്‍ണ്ണക്കൊള്ളയാണെന്ന്‌ ഇടതുമുന്നണിയുടെ വിലയിലരുത്തലിലും കേരള കോണ്‍ഗ്രസ്‌ (എം) ഒറ്റയ്‌ക്ക്‌ നടത്തിയ പഠനത്തിലും കണ്ടെത്തിയിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ചില സി.പി.എം. നേതാക്കള്‍ക്ക്‌ പങ്കുണ്ടെന്ന്‌ ജനം വിശ്വസിക്കുന്നുണ്ടെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കാന്‍ വൈകുന്നിടത്തോളം നിയമസഭാ തെരഞ്ഞെടുപ്പിനെയും ബാധിക്കുമെന്നായിരുന്നു കേരള കോണ്‍ഗ്രസ്‌ (എം) നിലപാട്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക