ഡ്യൂട്ടിക്കിടെ പോലീസ് വാഹനം ഉപയോഗിച്ച് സോഷ്യല്‍ മീഡിയ റീല്‍സ് ചിത്രീകരിച്ച ട്രാഫിക് സബ് ഇൻസ്പെക്ടറെ സർവീസില്‍ നിന്നും സസ്പെൻഡ് ചെയ്തു.ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള മുഗള്‍ റോഡിലായിരുന്നു സംഭവം. ട്രാഫിക് സെക്ടർ ഓഫീസറായ ഗുല്‍ ഷെറാസിനെതിരെയാണ് നടപടി എടുത്തത്.
മഞ്ഞ് മൂടിക്കിടക്കുന്ന പീർ കി ഗലി മേഖലയിലൂടെ ഓടിക്കൊണ്ടിരുന്ന പോലീസ് ജീപ്പിന്റെ മുൻവാതില്‍ തുറന്നിട്ട് അതിന് പുറത്തേക്ക് തൂങ്ങിക്കിടന്നാണ് ഇയാള്‍ വീഡിയോ എടുത്തത്. കനത്ത മഞ്ഞുവീഴ്ചയും അപകടസാധ്യതയും നിലനില്‍ക്കുന്ന റോഡില്‍ നിയമം പാലിക്കേണ്ട ഉദ്യോഗസ്ഥൻ തന്നെ ഇത്തരത്തില്‍ പെരുമാറിയത് വലിയ വിമർശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് അധികൃതർ നടപടിയെടുത്തത്.
എസ്‌ഐ ഗുല്‍ ഷെറാസിനെ സസ്പെൻഡ് ചെയ്തു. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. എഎസ്‌ഐ അനില്‍ കുമാറിനെ മുഗള്‍ റോഡിലെ പുതിയ ട്രാഫിക് സെക്ടർ ഓഫീസറായി നിയമിച്ചു. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥനെന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ലെന്നും, സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എസ്‌എസ്പി ഫാറൂഖ് ഖൈസർ അറിയിച്ചു. മഞ്ഞുവീഴ്ചയുള്ള അപകടകരമായ റോഡുകളില്‍ ഡ്രൈവിംഗിനിടെ പൊതുജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കുന്ന ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.

















