യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്ര അംഗത്തെ കൂറുമാറിച്ച് കരൂർ പഞ്ചായത്തിന്റെ ഭരണം പിടിച്ച ഇടതുമുന്നണിക്ക് തിരിച്ചടിയാകുന്ന നിർണായക തെളിവുകൾ പുറത്ത്. യുഡിഎഫ് പാനലിന് ഒപ്പം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പ്രിൻസ് കുര്യത്താണ് തിരഞ്ഞെടുപ്പ് ദിവസം മാണി ഗ്രൂപ്പ് നേതാക്കളുടെ വാഗ്ദാനങ്ങളിൽ വീണ് ഇടതുമുന്നണിയിലേക്ക് കൂറുമാറിയത്. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ഇയാൾ തയ്യാറാക്കി വിതരണം ചെയ്ത പ്രചരണ സാമഗ്രികളിൽ യുഡിഎഫ് സ്വതന്ത്രൻ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ജനവിധി തേടി വിജയിച്ച ശേഷമാണ് ജനാധിപത്യ സംസ്കാരത്തിന് തീരാ കളങ്കം ഉണ്ടാകുന്ന രീതിയിൽ ഇയാൾ കാല് മാറിയത്.

ഇയാൾക്ക് ജനപ്രാതിനിധ്യ നിയമത്തിലെ കൂറുമാറ്റ നിരോധനം ബാധകമാകുമെന്ന് തെളിയിക്കുന്ന വ്യക്തമായ രേഖകളാണ് ഇപ്പോൾ പുറത്തുവിടുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ചേർന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ ഇയാൾ പങ്കെടുത്ത് ഒപ്പ് രേഖപ്പെടുത്തിയ മിനിറ്റ്സ് കോപ്പി ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഇതുകൂടാതെ ഇയാൾ വിപ്പ് കൈപ്പറ്റി അതിന്റെ വിശദാംശങ്ങളും തെരഞ്ഞെടുപ്പ് നടപടികളുടെ മിനിറ്റ്സിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്നും അറിയാൻ കഴിയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് വഴി കൈമാറിയ വിപ്പും, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യു വഴി കൈമാറിയ വിപ്പും തമസ്കരിച്ചാണ് പ്രിൻസ് ചുവട് മാറിയത്. അതിനാൽ തന്നെ ഇയാൾക്ക് എതിരെ യുഡിഎഫ് നിയമനടപടികളുമായി മുന്നോട്ടു പോയാൽ ആറുമാസത്തിനകം അയോഗ്യത വരും എന്ന കാര്യത്തിൽ തർക്കമില്ല. ഇതോടുകൂടി ഇടതുമുന്നണിക്ക് ഭൂരിപക്ഷം നഷ്ടമാകുകയും യുഡിഎഫ് അധികാരത്തിലെത്തുകയും ചെയ്യുമെന്ന കാര്യത്തിലും ഏറെക്കുറെ ഉറപ്പ് ഈ ഘട്ടത്തിൽ തന്നെ വന്നിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം.

മൂന്നാം വട്ടമാണ് പ്രിൻസ് കുര്യത്ത് ജനപ്രതിനിധി ആകുന്നത്. അതിനാൽ തന്നെ ഇയാൾക്ക് ഇതിനെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകേണ്ടതാണ്. എന്നിട്ടും ഇത്തരം ഒരു നീക്കത്തിന് തയ്യാറായിട്ടുണ്ടെങ്കിൽ പുറത്തുപറഞ്ഞു കേൾക്കുന്നതുപോലെ നാലുവർഷത്തെ പഞ്ചായത്ത് അധ്യക്ഷ പദവി ആവില്ല അവിശുദ്ധ ഡീലിന് പിന്നിൽ എന്നും വിലയിരുത്തലുകൾ ഉണ്ട്. മാണി ഗ്രൂപ്പിന്റെ കുത്തകയായിരുന്ന കരൂർ പഞ്ചായത്തിലാണ് ഇത്തവണ അവർക്ക് തിരിച്ചടിയായ ജനവിധി ഉണ്ടായത്. കുടക്കച്ചിറയിലെ പാറമടയ്ക്ക് മാണി ഗ്രൂപ്പ് നേതാക്കൾ നൽകിയ പിന്തുണയും, വലവൂർ സർവീസ് സഹകരണ ബാങ്കിൻറെ തകർച്ചയും അടക്കമുള്ള വിഷയങ്ങളാണ് മാണി ഗ്രൂപ്പിനെ തള്ളാൻ ജനങ്ങളെ പ്രേരിപ്പിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക