ഡിജിറ്റല്‍ ഇടപാടുകള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി യുപിഐ ഓട്ടോപേ (UPI AutoPay) സംവിധാനത്തില്‍ നിർണ്ണായക മാറ്റങ്ങള്‍ വരുത്തി നാഷണല്‍ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ.വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകള്‍, ഇൻഷുറൻസ് പ്രീമിയങ്ങള്‍, ഇലക്‌ട്രിസിറ്റി ബില്ലുകള്‍ തുടങ്ങിയവയ്ക്കായി നാം നല്‍കിയിട്ടുള്ള ഓട്ടോമാറ്റിക് പേയ്‌മെന്റ് ട്രാക്ക് ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സംവിധാനമാണ് പരിഷ്കരിക്കുന്നത്.
ഉപഭോക്താക്കള്‍ തങ്ങളുടെ യുപിഐ ആപ്പുകള്‍ വഴി ഏതൊക്കെ സേവനങ്ങള്‍ക്കാണ് ഓട്ടോപേ സൗകര്യം നല്‍കിയിട്ടുള്ളതെന്ന് ഇനി ഒറ്റനോട്ടത്തില്‍ അറിയാൻ സാധിക്കും. പലപ്പോഴും നാം സബ്‌സ്‌ക്രിപ്‌ഷനുകള്‍ എടുക്കുകയും പിന്നീട് അവ റദ്ദാക്കാൻ മറന്നുപോവുകയും ചെയ്യാറുണ്ട്. പുതിയ സംവിധാനത്തിലൂടെ ഇവ കൃത്യമായി ട്രാക്ക് ചെയ്യാം.
നിലവിലുള്ള സബ്‌സ്‌ക്രിപ്‌ഷനുകള്‍ താല്‍ക്കാലികമായി നിർത്താനോ, പൂർണ്ണമായും റദ്ദാക്കാനോ ഉള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. ഇതിനായി ബാങ്കുകള്‍ക്കും പേയ്‌മെന്റ് ആപ്പുകള്‍ക്കും എൻപിസിഐ കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ചെയ്യപ്പെടുന്നതിന് 24 മണിക്കൂർ മുമ്ബ് ഉപഭോക്താവിന് നിർബന്ധമായും നോട്ടിഫിക്കേഷൻ ലഭിക്കുമെന്ന് ഉറപ്പാക്കും. ഇത് അനാവശ്യമായി പണം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ സഹായിക്കും.
ഉപഭോക്താക്കളുടെ അനുവാദമില്ലാതെ മാൻഡേറ്റുകളില്‍ മാറ്റം വരുത്താൻ കമ്ബനികള്‍ക്ക് കഴിയില്ലെന്ന് പുതിയ പരിഷ്കാരം ഉറപ്പാക്കുന്നു. കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നതിലൂടെ ഡിജിറ്റല്‍ പണമിടപാടുകളിലുള്ള വിശ്വാസം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. പുതിയ പരിഷ്കാരങ്ങള്‍ വരുന്നതോടെ ഡിജിറ്റല്‍ ഇടപാടുകളില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം ലഭിക്കും.





