പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡനപരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച സംഭവത്തില്‍ രാഹുല്‍ ഈശ്വർ വീണ്ടും റിമാൻഡില്‍. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്ക് കൊണ്ടുപോയി. 12 ദിവസമായി ജയിലിലാണ് രാഹുല്‍ ഈശ്വർ.
രണ്ട് തവണയാണ് രാഹുലിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. രാഹുലിന്റെ ജാമ്യാപേക്ഷ പ്രിൻസിപ്പല്‍ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. ജയിലില്‍ കഴിയുന്നതിനിടെ നിരാഹാര സമരത്തിലായിരുന്നു രാഹുല്‍. പുരുഷന്മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള രാഹുലിന്റെ നിരാഹാരം മൂന്ന് ദിവസം നീണ്ടു. പിന്നീട് ആരോഗ്യാവസ്ഥ മോശമായതോടെ നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു.സമൂഹമാദ്ധ്യമത്തിലൂടെ യുവതിയെ അധിക്ഷേപിക്കുകയും അതിജീവിതയുടെ രഹസ്യവിവരങ്ങള്‍ പങ്കുവച്ചെന്നുമാണ് രാഹുലിനെതിരെയുള്ള കേസ്.
ഇതിന് പിന്നാലെ യുവതിക്ക് നേരെ സൈബറാക്രമണങ്ങള്‍ രൂക്ഷമായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ ഉള്‍പ്പെടെ ആറ് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം എന്നീ വകുപ്പുകളാണ് ചുമത്തിയത്.

















