രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ ക്കെതിരെയുള്ള ലൈംഗിക പീഡന പരാതി പൂർണമായും രാഷ്ട്രീയ പ്രേരിതമാണെന്ന് രാഷ്ട്രീയ – സാമൂഹ്യ നിരീക്ഷകൻ രാഹുല്‍ ഈശ്വർ. വിവാഹിതയാണെന്ന വിവരം മറച്ചുവെച്ചാണ് പരാതിക്കാരി രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധം സ്ഥാപിച്ചതെന്ന് രാഹുല്‍ ഈശ്വർ ആരോപിച്ചു.ഒരു കുഞ്ഞുണ്ടാകാൻ രാഹുല്‍ ആഗ്രഹിച്ചതിനെ കുറ്റപ്പെടുത്താനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ മാങ്കൂട്ടത്തില്‍ ധാർമികതയും നൈതികതയും പുലർത്തണമെന്നാണ് വിമർശകർ പറയുന്നത്, ഈ ധാർമികതയും നൈതികതയും പരാതിക്കാരിക്ക് ബാധകമല്ലേ എന്നും രാഹുല്‍ ഈശ്വർ ചോദിച്ചു. റേഡിയോ കേരളം 1476 എ എമ്മിലെ പ്രതിധ്വനി എന്ന ചർച്ചാ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാതിക്കാരി ജീവിത പങ്കാളിയെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും ഒരു പോലെ വഞ്ചിക്കുകയാണ് ചെയ്തതെന്നും രാഹുല്‍ ഈശ്വർ ആരോപിച്ചു.
സെക്രട്ടറിയറ്റില്‍ നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. വാട്ട്സപ്പ് ചാറ്റുകള്‍, ഓഡിയോ സംഭാഷണം അടക്കം കൈമാറിയെന്ന വിവരമാണ് പുറത്തുവന്നത്. പരാതിയില്‍ തിരുവനന്തപുരം റൂറല്‍ എസ് പി യുവതിയുടെ മൊഴിയെടുത്തു. റൂറല്‍ എസ് പിക്കാണ് പരാതിയിലെ അന്വേഷണ ചുമതല. പ്രത്യേക കേസായി അന്വേഷിക്കാനാണ് നിലവില്‍ തീരുമാനം.

















