രാഹുല്‍ മാങ്കൂട്ടത്തിനെതിരായ പരാതിയിലെ അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വരിന്റെ ജാമ്യാപേക്ഷയില്‍ ഇന്നത്തെ വാദം പൂർത്തിയായി. തുടർവാദം നാളെ കേള്‍ക്കും. നാളെ കേസ് വീണ്ടും പരിഗണിക്കും. യൂട്യൂബ് വീഡിയോയിലൂടെ എഫ്‌ഐആർ വായിക്കുക മാത്രമാണ് ചെയ്തതെന്ന് രാഹുലിൻ്റെ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു.
സ്ത്രീകള്‍ക്കെതിരെയുള്ള കേസുകളുടെ എഫ് .ഐ .ആർ എങ്ങനെ പബ്ലിക് ഡോക്യുമെൻ്റാകുമെന്ന് കോടതി ചോദിച്ചു. എഫ്‌ഐആർ വായിച്ചതില്‍ അതിജീവിതയെ മോശപ്പെടുത്തുന്ന ഒരു കാര്യങ്ങളും പറഞ്ഞിട്ടില്ലെന്ന് രാഹുലിന്റെ അഭിഭാഷകൻ മറുപടി നല്‍കി. അതിജീവിതയെ അപമാനിക്കുന്ന വീഡിയോകള്‍ ഉണ്ടെങ്കില്‍ പിൻവലിക്കാൻ തയ്യാർ. അതിജീവിതയെ അപമാനിക്കണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നുവെന്നും അഭിഭാഷകൻ വ്യക്തമാക്കി.
എന്നാല്‍ ജാമ്യ ഹർജി നിലനില്‍ക്കുന്നതല്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.ജില്ലാ കോടതിയില്‍ ഒരു ഹർജി നില്‍ക്കേ കീഴ്കോടതിയില്‍ ജാമ്യ ഹർജി എങ്ങനെ ഫയല്‍ ചെയ്യാൻ കഴിയും. ഹൈക്കോടതി ഉത്തരവുകള്‍ തന്നെ ലംഘിക്കുന്ന രീതിയാണ് പ്രതിഭാഗം ഇവിടെ നടത്തിയത്. ജില്ലാ കോടതിയിലെ ഹർജി പിൻവലിക്കാനുള്ള ഹർജി സമർപ്പിച്ച ശേഷമാണ് ഇവിടെ ഫയല്‍ ചെയ്തതെന്ന് പ്രതിഭാഗം മറുപടി നല്‍കി. അത്തരം കാര്യങ്ങള്‍ രേഖയില്‍ കാണുന്നില്ലെന്ന് പ്രോസിക്യൂഷൻ മറുപടി നല്‍കി.

















