തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയെ വഞ്ചിച്ച് വിമത സ്ഥാനാർത്ഥികളായി മത്സരത്തിന് ഇറങ്ങിയവരെ പുറത്താക്കി കോൺഗ്രസ്. കൊഴുവനാൽ പഞ്ചായത്തിലാണ് വിമത സ്ഥാനാർത്ഥികൾക്കെതിരെയാണ് കോൺഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചത്. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന ഷാലറ്റ് ജോസഫ് ഇത്തവണ കോൺഗ്രസിൽ നിന്ന് കൂറു മാറി മാണി ഗ്രൂപ്പിൻറെ പ്രതിനിധിയായി മൂന്നാം വാർഡിൽ നിന്ന് മത്സരിക്കുകയാണ്. കോൺഗ്രസിൽ നിന്ന് രാജി പോലും വെക്കാതെ രാഷ്ട്രീയ മര്യാദയ്ക്ക് ചേരാത്ത കൂറുമാറ്റത്തിനെതിരെ ശക്തമായ ജനവികാരമാണ് ഇവർക്കെതിരെ ഉയരുന്നത്.
അച്ചടക്ക നടപടി നേരിട്ട രണ്ടാമത്തെ വനിതാ നേതാവ് ഷീല ശശികുമാർ സമാനതകൾ ഇല്ലാത്ത വഞ്ചനയാണ് കോൺഗ്രസിനോട് ചെയ്തതെന്ന വികാരവും കോൺഗ്രസ് പ്രവർത്തകർക്കും യുഡിഎഫ് പ്രവർത്തകർക്കും ഇടയിൽ സജീവമാണ്. കോൺഗ്രസ് പ്രതിനിധിയായി മുൻപ് പഞ്ചായത്ത് അംഗമായിട്ടുള്ള ഇവർക്ക് ഇത്തവണയും അഞ്ചാം വാർഡിൽ നിന്നും മത്സരിക്കുവാൻ പാർട്ടി അവസരം നൽകിയതാണ്. എന്നാൽ അവസാന നിമിഷം പാർട്ടിയെ വഞ്ചിച്ചു കൊണ്ട് ഇവർ നാടകീയമായി അതേ വാർഡിൽ ഇടതുമുന്നണിയുടെ സ്ഥാനാർത്ഥിയാകുകയായിരുന്നു. ഇതിനാൽ തന്നെ യുഡിഎഫ് അനുഭാവികളായ വോട്ടർമാരിൽ നിന്ന് രൂക്ഷമായ പ്രതികരണമാണ് ഇവർക്ക് നേരെ ഉണ്ടാകുന്നത്.

















