പുതുവത്സരാഘോഷങ്ങള്‍ക്ക് മുന്നോടിയായി ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളില്‍ ക്രൈം ബ്രാഞ്ച് നാർക്കോട്ടിക് വിഭാഗം നടത്തിയ പരിശോധനയില്‍ 28.75 കോടി രൂപ വിലവരുന്ന എംഡിഎംഎയും ഹൈഡ്രോ കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരു വനിതയടക്കം രണ്ട് വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്തു. ടാൻസാനിയൻ യുവതിയായ നാൻസി ഒമാറിയെ സാമ്ബിഗെ ഹള്ളിയിലെ പി ആൻഡ് ടി ലേയൗട്ടിലുള്ള അവരുടെ വസതിയില്‍ നിന്നാണ് സെൻട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 18.50 കോടി രൂപയുടെ എംഡിഎംഎ പിടിച്ചെടുത്തു.
2023 ല്‍ ടൂറിസ്റ്റ് വിസയില്‍ ഡല്‍ഹിയിലെത്തിയ നാൻസി ഒമാറിയെ പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറി ഹെയർ സ്റ്റൈലിസ്റ്റായി ജോലി ചെയ്യുകയും അതേസമയം മയക്കുമരുന്ന് വില്‍പ്പനയില്‍ ഏർപ്പെടുകയും ചെയ്തു. ഡല്‍ഹിയില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും എംഡിഎംഎ വാങ്ങി ബെംഗളൂരുവില്‍ ഇവര്‍ വില്‍പ്പന നടത്തിവരികയായിരുന്നു.ഇതിനുപുറമെ ലാല്‍ബാഗിന് സമീപമുള്ള വീട്ടില്‍ നിന്ന് നൈജീരിയൻ സ്വദേശിയായ ഇമ്മാനുവല്‍ അരിൻസെയും പോലീസ് പിടിയിലായി. ഇയാളില്‍ നിന്ന് 2.25 കോടി രൂപ വിലമതിക്കുന്ന 1.15 കിലോ എംഡിഎംഎ കണ്ടെടുത്തു.
ചാമരാജ്‌പേട്ടിലെ ഫോറിൻ പോസ്റ്റ് ഓഫീസില്‍ വിദേശത്തുനിന്നെത്തിയ ഒരു പാഴ്‌സലില്‍നിന്ന് എട്ട് കോടി രൂപ വിലവരുന്ന എട്ട് കിലോ ഹൈഡ്രോ കഞ്ചാവും പിടിച്ചെടുത്തിരുന്നു. പുതുവത്സര ആഘോഷങ്ങള്‍ക്കായി വിതരണം ചെയ്യാനായി എത്തിച്ചതാണ് ഈ ലഹരിവസ്തുക്കളെന്ന് സിസിബി വ്യക്തമാക്കി. ഇവര്‍ക്കെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്‌ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

















