ശബരിമല സ്വര്‍ണക്കൊള്ളയില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റി(ഇ.ഡി.)നും അന്വേഷണം നടത്താമെന്നു ഹൈക്കോടതി. ഇ.ഡിയുടെ അന്വേഷണത്തെ തങ്ങള്‍ തടസപ്പെടുത്തിയിട്ടില്ലെന്നു വ്യക്‌തമാക്കിയ കോടതി എഫ്‌.ഐ.ആര്‍. അടക്കമുള്ള രേഖകള്‍ക്കായി ഇ.ഡിക്കു മജിസ്‌ട്രേറ്റ്‌ കോടതിയെ സമീപിക്കാമെന്നു പറഞ്ഞു. ഇ.ഡിയുടെ ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ റാന്നി മജിസ്‌ട്രേറ്റ്‌ കോടതിക്ക്‌ ഹൈക്കോടതി നിര്‍ദേശം നല്‍കി.

പ്രത്യക അന്വേഷണസംഘം (എസ്‌.ഐ.ടി) നടത്തുന്ന അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഒരു മാസം കൂടി സമയം നീട്ടി നല്‍കി. എസ്‌.എ.ടിയുടെ അന്വേഷണം തൃപ്‌തികരമാണെന്നും ഹൈക്കോടതി വ്യക്‌തമാക്കി. അന്വേഷണ സംഘം കോടതിയില്‍ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു.അന്വേഷണത്തിന്റെ രഹസ്യ സ്വഭാവം ഉറപ്പാക്കാന്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്നും കോടതി വിശദീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേസില്‍ അന്വേഷണം പൂര്‍ത്തീകരിച്ച്‌ ഇന്ന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നായിരുന്നു ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം. എന്നാല്‍, അന്വേഷണം നിര്‍ണായകഘട്ടത്തിലാണെന്നും കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ടെന്നും അന്വേഷണസംഘത്തിന്‌ നേതൃത്വം നല്‍കുന്ന എസ്‌.പി. ശശിധരന്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണ്‌ ഒരു മാസം കൂടി അനുവദിച്ചത്‌.

എസ്‌.പി.ശശിധരന്‍ കോടതിയില്‍ നേരിട്ടെത്തി. മുന്‍ ദേവസ്വം കമ്മിഷണര്‍ എന്‍.വാസു, മുന്‍ ദേവസ്വം പ്രസിഡന്റ്‌ എ. പത്മകുമാര്‍ എന്നിവരെ അറസ്‌റ്റ്‌ ചെയ്‌തതിനെത്തുടര്‍ന്ന്‌ കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന്‌ അടച്ചിട്ട മുറിയില്‍ എസ്‌.പി. കോടതിയെ അറിയിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്‌റ്റിലേക്ക്‌ അന്വേഷണ സംഘം കടക്കുമെന്നാണ്‌ സൂചന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക