നഗരമധ്യത്തില്‍ മാസങ്ങളായി പ്രവർത്തിച്ചിരുന്ന അനാശാസ്യകേന്ദ്രം കണ്ടെത്തുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണം. ഒഡിഷ സ്വദേശിയായ യുവാവിന്റെ കൊലപാതകത്തെ തുടർന്നാണ് സ്വരാജ് റൗണ്ടിന് സമീപമുള്ള ഈ കേന്ദ്രത്തിന്റെ പ്രവർത്തനം പുറത്തറിയുന്നത്. കേസിലെ സംഭവവിവരങ്ങള്‍ സംബന്ധിച്ചും പൊലീസ് മണിക്കൂറുകള്‍ക്കകം പരസ്പരവിരുദ്ധ വിശദീകരണങ്ങള്‍ നല്‍കിയതോടെ വിവാദം ശക്തമായി.രാവിലെ പുറത്തിറക്കിയ വിവരങ്ങളില്‍, അനാശാസ്യകേന്ദ്രത്തില്‍ പണം തിരികെ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ വൈകീട്ടോടെ വിശദീകരണം മാറി. അനാശാസ്യപ്രവർത്തനവുമായി ബന്ധമില്ലാത്ത സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്നായിരുന്നു പുതിയ വിശദീകരണം. ഇതിനിടെ, ഞായറാഴ്ച രാത്രിയില്‍ പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിലും ഗുരുതര പിഴവ് സംഭവിച്ചു. കൊല്ലപ്പെട്ട യുവാവിന്റെ പേര് തെറ്റായി രേഖപ്പെടുത്തിയതിനെ തുടർന്ന് മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ട ശേഷം പൊലീസ് ക്ഷമാപണം നടത്തി തിരുത്തിയ കുറിപ്പ് പുറത്തിറക്കേണ്ടിവന്നു.
അനാശാസ്യ പ്രവർത്തനത്തിലേർപ്പെട്ട ശേഷം തൃപ്തരല്ലെന്ന് പറഞ്ഞ് പണം തിരികെ ആവശ്യപ്പെട്ടതോടെയാണ് തർക്കം തുടങ്ങിയത്. പണം തിരികെ നല്‍കിയില്ലെങ്കില്‍ കേന്ദ്രത്തെപ്പറ്റി പുറമേ അറിയിക്കുമെന്ന് പറഞ്ഞ് കെട്ടിടത്തിന് പുറത്തിറങ്ങി പ്രശ്‌നമുണ്ടാക്കി. ഇതോടെ കേന്ദ്രം നടത്തിപ്പുകാരായ എട്ടംഗ സംഘം മൂവരെയും ക്രൂരമായി മർദിച്ചു. ഇടിവള ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു മർദനം. ഇതില്‍ ധൻപത് നായിക്കിന് മാരകമായി പരിക്കേറ്റു. അപകടം മണത്ത പ്രതികള്‍ മൂവരെയും കാറില്‍ കയറ്റി കോട്ടപ്പുറത്തെ താമസസ്ഥലത്തെത്തിച്ചു. ആശുപത്രിയില്‍ പോകണമെന്ന് ധൻപത് നായിക് ആവശ്യപ്പെട്ടെങ്കിലും നാണക്കേട് ഭയന്ന് ആരും കൊണ്ടുപോയില്ല. പിറ്റേദിവസമാണ് മൂവരും ചികിത്സ തേടിയത്. തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് ഞായറാഴ്ച പുലർച്ചെ ധൻപത് നായിക് മരിച്ചത്.

















