ഹരിയാനയില്‍ നിന്ന് തോക്കും തിരകളുമായി പിടിയിലായ വനിതാ ഡോക്ടറുടെ വിവരങ്ങള്‍ പുറത്തുവരുന്നു. കാറില്‍ നിന്ന് തോക്കും ലൈവ് കാട്രിഡ്ജുകളും പിടിച്ചെടുത്ത സംഭവത്തിലാണ് ലഖ്‌നൗവിലെ വനിതാ ഡോക്ടർ അറസ്റ്റിലായത്. ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത കാർ, സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതിന് നേരത്തെ അറസ്റ്റിലായ ഡോ. മുസമ്മില്‍ ഷക്കീലിന്റെ (35) കൈവശം വച്ചിരുന്നുവെന്നും റിപ്പോർട്ടുകള്‍ പറയുന്നു. ഫരീദാബാദിലെ ധൗജിലെ ഒരു വാടക വീട്ടില്‍ നിന്ന് 360 കിലോഗ്രാം സ്ഫോടകവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തതിന് പിറ്റേ ദിവസമാണ് ജമ്മു കശ്മീർ, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ലഖ്‌നൗവില്‍ നിന്നുള്ള വനിതാ ഡോക്ടറെ അറസ്റ്റ് ചെയ്തത്.
ഷഹീൻ ഷാഹിദ് എന്നാണ് ഡോക്ടറുടെ പേര്. ഹരിയാനയില്‍ രജിസ്റ്റർ ചെയ്ത സ്വിഫ്റ്റ് ഡിസയർ കാറില്‍ നിന്ന് ഒരു എകെ ക്രിങ്കോവ് റൈഫിള്‍, മൂന്ന് മാഗസിനുകള്‍, ഒരു പിസ്റ്റള്‍, രണ്ട് ഒഴിഞ്ഞ വെടിയുണ്ടകള്‍, രണ്ട് അധിക മാഗസിനുകള്‍ എന്നിവ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.ലഖ്‌നൗവിലെ ലാല്‍ ബാഗിലാണ് ഡോ. ഷഹീൻ ഷാഹിദ് താമസിക്കുന്നത്. അറസ്റ്റിനുശേഷം, ഇവരെ ജമ്മു കശ്മീർ പോലീസ് ചോദ്യം ചെയ്യലിനായി വിമാനമാർഗം ശ്രീനഗറിലേക്ക് കൊണ്ടുവന്നു. അവർ സ്വയം സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചോ അതോ ലോജിസ്റ്റിക്കല്‍ പിന്തുണ നല്‍കിയോ എന്നും അന്വേഷിക്കുന്നുണ്ട്. തീവ്രവാദ മൊഡ്യൂളിന്റെ പദ്ധതികളെക്കുറിച്ച് അവർക്ക് അറിയാമായിരുന്നോ എന്ന് കണ്ടെത്താൻ അവരുടെ സാമ്ബത്തിക ഇടപാടുകളും സന്ദേശങ്ങളും പരിശോധിച്ചുവരികയാണ്.
ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത കാർ, പുല്‍വാമയിലെ കോയിലില്‍ താമസിക്കുന്ന ഡോക്ടർ മുസമ്മില്‍ ഷക്കീലിന്റെ (35) കൈവശം വച്ചിരുന്നതാണ്. സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതിന് നേരത്തെ ഡോ. മുസമ്മില്‍ ഷക്കീലിനെ അറസ്റ്റ് ചെയ്തിരുന്നു. ലോക്കല്‍ പോലീസിന്റെ സഹായത്തോടെ ജമ്മു കശ്മീർ പോലീസും ഐബി സംഘവും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്.നേരത്തെ, ഡോ. മുസമ്മിലുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളില്‍ അന്വേഷകർ പരിശോധന നടത്തിയപ്പോള്‍ ഏകദേശം 14 ബാഗ് അമോണിയം നൈട്രേറ്റ്, 84 ലൈവ് കാട്രിഡ്ജുകള്‍, ഒരു എകെ-47 റൈഫിള്‍, ടൈമറുകള്‍, 5 ലിറ്റർ കെമിക്കല്‍ ലായനി എന്നിവ കണ്ടെടുത്തു. ഏകദേശം 10 ദിവസം മുമ്ബാണ് സ്ഫോടകവസ്തുക്കള്‍ അദ്ദേഹത്തിന്റെ കൈവശമെത്തിയതെന്ന് റിപ്പോർട്ടുണ്ട്.
ശ്രീനഗറില്‍ ജെയ്‌ഷെ മുഹമ്മദിനെ പിന്തുണച്ച് പോസ്റ്ററുകള്‍ പതിച്ചതിന് കശ്മീരില്‍ നിന്നുള്ള ഉത്തർപ്രദേശിലെ സഹാറൻപൂരില്‍ നിന്നുള്ള ഡോ. അദീല്‍ അഹമ്മദ് റാത്തർ അറസ്റ്റിലായതിനെ തുടർന്നാണ് സംഘത്തെ പിടികൂടിയത്. അനന്ത്‌നാഗിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഡോ. അദീലിന്റെ ലോക്കറില്‍ നിന്ന് എകെ 47 റൈഫിളും വെടിക്കോപ്പുകളും കണ്ടെത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.ഡോ. അദീലിന്റെ ചോദ്യം ചെയ്യലില്‍, 2021 മുതല്‍ ഡോക്ടർമാരുടെ ശൃംഖല യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നുവെന്ന് പറഞ്ഞിരുന്നു. ശ്രീനഗറില്‍ നിന്നുള്ള ഡോ. ഒമർ എന്നറിയപ്പെടുന്ന ഹാഷിം ആണ് ഇവരുടെ നേതാവ്. ജെയ്‌ഷെ മുഹമ്മദ്, ഗസ്‌വത്ത്-ഉല്‍-ഹിന്ദ് തുടങ്ങിയ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മേഖലയിലെ മറ്റ് നിരവധി മെഡിക്കല്‍ പ്രൊഫഷണലുകളും പരിശോധനയിലാണ്.

















