രാജ്യതലസ്ഥാനമായ ഡല്‍ഹിയിലുണ്ടായ ഉഗ്രസ്ഫോടനത്തിന്റെ നടുക്കം വിട്ടുമാറാതെ രാജ്യം. ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപത്തുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ യുഎപിഎ വകുപ്പ് പ്രകടനം ഡല്‍ഹി പോലീസ് കേസെടുത്തു. സ്ഫോടനം നടന്ന കാറില്‍ മൂന്ന് പേരാണുണ്ടായിരുന്നതെന്നാണ് ഡല്‍ഹി പോലീസിന്റെ നിലവിലെ നിഗമനം. സ്‌ഫോടനത്തില്‍ എട്ട് പേർ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിച്ച വിവരം. അതേസമയം, 13പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.
മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. . ഡല്‍ഹി, യുപി സ്വദേശികളാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. പരിക്കേറ്റ നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഡല്‍ഹിയിലുണ്ടായത് ഭീകരാക്രമണമാണെന്ന് കേന്ദ്രം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും യുഎപിഎ വകുപ്പ് ചുമത്തി ആണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. ചാവേർ ആക്രമണമാണ് ഇന്നലെ ഡല്‍ഹിയിലുണ്ടായതെന്നാണ് സൂചന. സ്ഫോടനത്തിന്റെപശ്ചാത്തലത്തില്‍ പ്രദാനമന്ത്രി നരേന്ദ്ര മോദി സാഹചര്യം വിലയിരുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ സ്‌ഫോടനത്തില്‍ പരിക്കേറ്റ ആശുപത്രിയില്‍ കഴിയുന്നവരെ സന്ദർശിച്ചിരുന്നു.
കറുത്ത മാസ്ക് ധരിച്ച ഒരാള്‍ റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ദ ഇന്ത്യൻ എക്സ്പ്രസ് ആണ് കാറിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. മാസ്ക് ധരിച്ച ഒരാള്‍ കാര്‍ ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കാർ ചെങ്കോട്ടയ്ക്ക് മുന്നില്‍ മൂന്നു മണിക്കൂർ നിർത്തിയിട്ടു. ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റാണെന്നാണ് സൂചന. സ്ഫോടനം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്.സ്ഫോടനം നടന്ന കാറില്‍ ഇപ്പോഴത്തെ ഉടമ പുല്‍വാമ സ്വദേശിയെന്നാണ് ലഭിക്കുന്ന വിവരം.
ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം തിങ്കളാഴ്ച വൈകുന്നേരം 6.55നാണ് നഗരത്തെ നടുക്കിയ സ്ഫോടനം നടന്നത്. ലാല്‍കില മെട്രോ സ്റ്റേഷന് മുന്നിലെ ട്രാഫിക് സിഗ്നലിന് മുന്നിലേക്ക് വേഗം കുറച്ചെത്തിയ ഹുണ്ടായ് ഐ 20 കാർ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന കാറുകള്‍, ഓട്ടോറിക്ഷകള്‍, സൈക്കിള്‍ റിക്ഷകള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ തകർന്നു. ആകാശത്തേക്ക് ഒരു തീ ഗോളം ഉയർന്നെന്നും, ഒരു കിലോമാറ്റർ അകലെ വരെ സ്ഫോടനത്തിന്‍റെ പ്രകമ്ബനം ഉണ്ടായെന്നും ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സാഹചര്യ തെളിവുകള്‍ ഭീകരാക്രമണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെങ്കിലും സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. അതേസമയം ഡല്‍ഹിയില്‍ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.












