ഉയർന്ന പലിശ വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരില്‍ നിന്നും പണം വാങ്ങി പണവും പലിശയും തിരികെ കൊടുക്കാതെ ഒന്നരകോടി രൂപ തട്ടിയെടുത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന ദമ്ബതികള്‍ പൊലീസ് പിടിയില്‍. ചിയാരം കണ്ണംകുളങ്ങര സ്വദേശി വാലത്ത് വീട്ടില്‍ രംഗനാഥൻ, ഭാര്യ വാസന്തി രംഗനാഥൻ എന്നവരെയാണ് ഈസ്റ്റ് പോലീസും അസിസ്റ്റൻറ് കമ്മീഷണറുടെ പ്രത്യേക അന്വേഷണ സംഘവും ചേർന്ന് അതിസാഹസികമായി പിടികൂടിയത്.
ത്യശൂർ പറവട്ടാനിയിലെ മെല്‍ക്കർ ഫിനാൻസ് എന്ന സ്ഥാപനം നടത്തി വന്ന പ്രതികള്‍ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ പന്ത്രണ്ടര മുതല്‍ പതിമൂന്നര ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തിരുന്നു. വാഗ്ദാനം ചെയ്‌ത പണവും നിക്ഷപിച്ച പണവും തിരിച്ച് ലഭിക്കാതെ ആയപ്പോള്‍ ഈസ്റ്റ് സ്റ്റേഷനില്‍ നിക്ഷേപകർ പരാതികളുമായെത്തി. അഞ്ചോളം പരാതികളാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചത്. മരത്താക്കര സ്വദേശിയുടെ പരാതിയില്‍ കേസ് രെജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
കേസ് ആയതോടെ പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ണംകുളങ്ങരയില്‍ നിന്നും പിടികൂടുകയായിരുന്നു. ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതികളില്‍ അഞ്ചുകേസുകളാണ് രെജിസ്റ്റർ ചെയ്തത്. 5 കേസുകളിലായി ഒന്നര കോടി രൂപയോളമാണ് പ്രതികള്‍ തട്ടിയെടുത്തത്. പേരാമംഗലം, നെടുപുഴ, ചാലക്കുടി, എന്നീ പൊലീസ് സ്റ്റേഷനുകളിലും കൊല്ലം മലപ്പുറം ജില്ലയിലുമായി പതിനൊന്നോളം കേസുകള്‍ പ്രതികള്‍ക്കെതിരെ രെജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. വിവിധ ജില്ലകളിലായി മൊത്തം ഇരുന്നൂറ്റി എഴുപതിലധികം കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് കണക്ക്. കൂടാതെ സ്ഥാപനത്തിനെതിരെ നിരവധി പരാതികളും പല സ്ഥലങ്ങളില്‍ നിന്നും ലഭിക്കുന്നുമുണ്ട്.
സിറ്റി പൊലീസ് കമ്മീഷണർ നകുല്‍ ആർ ദേശ്‌മുഖ് ഐ പി എസിൻറെ നിർദ്ദേശപ്രകാരം അസിസ്റ്റ് കമ്മീഷണർ കെ ജി സുരേഷിൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഈസ്റ്റ് ഇൻസ്പെക്ടർ എം ജെ ജിജോ, സബ് ഇൻസ്പെക്‌ടർമാരയ ബിപിൻ പി നായർ, ബാലസുബ്രഹ്മണ്യൻ, ജിജേഷ് എന്നിവരും അസിസ്റ്റൻറ് സബ് ഇൻസ്പെക്‌ടർ യെസ്വീ, സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ ജിജേഷ്, സുശാന്ത്, അരവിന്ദ് തുടങ്ങിയവരും സിവില്‍ പൊലീസ് ഓഫീസർമാരായ ഹരീഷ്, ദീപക്, അജ്‌മല്‍, സൂരജ്, ഗിരീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

















