മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ കോഡിനേറ്റര്‍ താരാ ടോജോ അലക്‌സ്. തീവ്രവാദ സംഘടനയായ കാസയും ആര്‍എസ്‌എസുമായി ബന്ധമുണ്ടെന്നും അവരെ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലിസ്‌സ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ആവശ്യപ്പെട്ടു എന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് അവരുടെ വിമര്‍ശനം. 2020 മുതല്‍ കാസ വിദ്വേഷപ്രയോഗങ്ങളും പ്രചാരണങ്ങള്‍ നടത്താന്‍ തുടങ്ങിയിട്ട് ഇത്രയും കാലം മുഖ്യമന്ത്രി മൗനം പാലിച്ചെന്ന് അവര്‍ പേസ് ബുക്കിലെ കുറിപ്പില്‍ തുറന്നടിക്കുന്നു.
അവര്‍ ആദ്യം വിഷം വമിപ്പിച്ച് തുടങ്ങിയത് മുസ്‌ലിംകള്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് സംസ്ഥാനത്തെ ജനതയുടെ പകുതിയോളം എത്തുമെന്നും അവര്‍ അങ്ങനെ കേരളത്തിന്റെ അധികാരം എന്നെന്നേക്കുമായി കയ്യാളും എന്നുമായിരുന്നു.തുടര്‍ന്ന് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി , ജസ്‌നയുടെ തിരോധാനം, 80: 20 സ്‌കോളര്‍ഷിപ്പ് വിവാദം, ക്രിസ്ത്യാനികളുടെ വസ്തുവകകള്‍ ‘ഭൂമി-ജിഹാദ്’ നടത്തി വാങ്ങിച്ചുകൂട്ടുന്നു..മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ പണം ഉപയോഗിച്ച് പെന്‍ഷന്‍ നല്‍കുന്നു….ലവ് ജിഹാദ് ….നാര്‍ക്കോട്ടിക് ജിഹാദ്…..തുടങ്ങിയ പച്ചക്കള്ളങ്ങള്‍ മലയാളികളുള്ള നാടുകളില്‍ എല്ലാം പ്രചരിപ്പിച്ചു. ഒരിക്കല്‍ പോലും മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ ഇവരുടെ വിഷപ്രചാരണങ്ങളെ കൃത്യസമയത്ത് തന്നെ എതിര്‍ത്ത് സംസാരിക്കുകയോ ഏതെങ്കിലും ഒരു നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയോ ചെയ്തതായി കണ്ടിട്ടില്ല- അവര്‍ പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
വിഷപ്രചാരകരെ… അത് സംഘപരിവാര്‍ സംഘടനകള്‍ ആയിക്കോട്ടെ… ക്രിസ്ത്യന്‍ നാമധാരികളുടെ സംഘടനകള്‍ ആയിക്കോട്ടെ,അവരെ ആരെയും അതില്‍ നിന്നും തടയുന്നതിനുള്ള ഒരു ചെറിയ ശ്രമം പോലും പിണറായി വിജയന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടായിട്ടില്ല. യഥാര്‍ത്ഥത്തില്‍ കേരളത്തെ മതപരമായി വിഭജിച്ച ‘തീവ്രവാദികളുടെ അപ്പസ്‌തോലന്‍’ എന്ന നിലയ്ക്കാണ് തുടര്‍ന്നുള്ള ചരിത്രത്തില്‍ പിണറായി വിജയന്റെ പേര് രേഖപ്പെടുത്തേണ്ടത്- എന്ന് രൂക്ഷമായ ഭാഷയിലാണ് അവര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

















