അന്തരിച്ച വ്യവസായി സഞ്ജയ് കപൂറിന്റെ സ്വത്തുവിവരങ്ങള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ അനുമതി തേടി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് അദ്ദേഹത്തിന്റെ മൂന്നാംഭാര്യ പ്രിയ സച്ച്‌ദേവ് കപൂര്‍. സഞ്ജയ് കപൂറിന്റെ രണ്ടാംഭാര്യ ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മക്കള്‍ പിതാവിന്റെ സ്വത്തില്‍ അര്‍ഹമായ വിഹിതം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയുമായി ബന്ധപ്പെട്ടാണിത്. സഞ്ജയ് കപൂറിന്റെ ആസ്തികളുടെ പട്ടിക സമര്‍പ്പിക്കാന്‍ പ്രിയയോട് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പട്ടിക മുദ്രവെച്ച കവറില്‍ ഫയല്‍ ചെയ്യാന്‍ പ്രിയ കോടതിയുടെ അനുമതി തേടിയത്.
ആസ്തികളുടെയും ബാധ്യതകളുടെയും പട്ടിക മുദ്രവെച്ച കവറില്‍ ഫയല്‍ ചെയ്യുമ്ബോള്‍ കക്ഷികള്‍ രഹസ്യസ്വഭാവം പാലിക്കാന്‍ ബാധ്യസ്ഥരായിരിക്കണമെന്നും അല്ലാത്തപക്ഷം ഒരു കോണ്‍ഫിഡന്‍ഷ്യാലിറ്റി ക്ലബ് രൂപവത്കരിക്കണമെന്നും പ്രിയ സച്ച്‌ദേവ് കപൂര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഈ അപേക്ഷ അനുവദിക്കുന്നത് പ്രശ്നമായേക്കാം എന്ന് ജസ്റ്റിസ് ജ്യോതി സിങ് നിരീക്ഷിച്ചു. കാരണം ആസ്തികള്‍ സംബന്ധിച്ച വെളിപ്പെടുത്തല്‍ ചോദ്യം ചെയ്യാന്‍ കരിഷ്മയുടെ മക്കള്‍ക്ക് അവകാശമുണ്ട്. കോണ്‍ഫിഡന്‍ഷ്യാലിറ്റി ക്ലബ്ബിന്റെ ഭാഗമായാല്‍ അവര്‍ എങ്ങനെ കേസ് വാദിക്കുമെന്നും ജഡ്ജി ചോദിച്ചു.
അതിനിടെ, വെളിപ്പെടുത്തേണ്ടവയില്‍ അതീവ പ്രാധാന്യമുള്ള വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും രണ്ട് പേജുകളുടെ മാത്രം രഹസ്യസ്വഭാവം സൂക്ഷിക്കണമെന്നും പ്രിയയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഷൈല്‍ ത്രെഹാന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. എല്ലാ കക്ഷികളുമായും രേഖകള്‍ പങ്കുവെക്കാന്‍ തയ്യാറാണെന്നും എന്നാല്‍ അവ രഹസ്യമായി സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, ബാങ്ക് അക്കൗണ്ടുകള്‍ കാലിയാക്കിയെന്നും അക്കൗണ്ടില്‍ ഒന്നും അവശേഷിക്കുന്നില്ലെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ വാദിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു. സ്വത്തുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എത്രത്തോളം വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ നല്‍കാന്‍ കഴിയുമെന്നും രസഹ്യ സ്വഭാവം കാത്തുസൂക്ഷിക്കമമെങ്കില്‍ അത് എങ്ങനെ പരിശോധിക്കുമെന്നും അഭിഭാഷകന്‍ ആരാഞ്ഞു.
ഈ വര്‍ഷം ജൂണില്‍ ലണ്ടനില്‍ വെച്ചാണ് സഞ്ജയ് കപൂര്‍ അന്തരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് കോടികളുടെ സ്വത്ത് തര്‍ക്കം ഉടലെടുക്കുന്നത്. അദ്ദേഹത്തിന്റെ മൂന്നാം ഭാര്യയായ പ്രിയ ഹാജരാക്കിയ വില്‍പത്രത്തിന്റെ ആധികാരികതയെ സഞ്ജയ് കപൂറിന്റെ അമ്മ റാണി കപൂറും കരിഷ്മയുടെ മക്കളുമടക്കം ചോദ്യംചെയ്യുന്നുണ്ട്. 30,000 കോടി രൂപയുടെ ആസ്തികള്‍ സംബന്ധിച്ച സ്വത്തുതര്‍ക്കമാണ് നിലവിലുള്ളതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. എന്നാല്‍ ആസ്തികളുടെ യഥാര്‍ത്ഥ മൂല്യത്തെക്കുറിച്ച് തങ്ങള്‍ക്ക് വ്യക്തതയില്ലെന്നാണ് കരിഷ്മയുടെ മക്കള്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് ആസ്തികളുടെ പട്ടിക കൈമാറാന്‍ ഹൈക്കോടതി പ്രിയയോട് ആവശ്യപ്പെട്ടത്. കേസില്‍ കോടതി വെള്ളിയാഴ്ച വാദം കേള്‍ക്കല്‍ പുനരാരംഭിക്കും.

















