ടി20 ലോകകപ്പില്‍ ഇന്ത്യ, ന്യൂസിലൻഡിനെ തകര്‍ത്ത് മൂന്നാം കിരീടം നേടിയപ്പോള്‍ ലോകത്തിന്റെ മുഴുവൻ കണ്ണുകളും ഉറ്റു നോക്കിയത് മാൻ ഓഫ് ദി സിരീസ് ആയ മലയാളി താരം സഞ്ജു സാംസണെ ആയിരുന്നു. വെറും അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് മൂന്ന് അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 321 റണ്‍സടിച്ചാണ് സഞ്ജു താരമായത്. എന്നാല്‍, ക്രിക്കറ്റ് താരമെന്ന മികവില്‍ മാത്രമല്ല, സാമ്പത്തികമായും മറ്റ് താരങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ് സഞ്ജു സാംസണ്‍ എന്നാണ് റിപ്പോർട്ടുകള്‍ പുറത്തു വരുന്നത്.
ഈ വർഷത്തെ ടി20 ലോകകപ്പ് കളിച്ച സമ്പന്നരായ കളിക്കാരില്‍ എട്ടാം സ്ഥാനത്താണ് സഞ്ജുവിന്റെ സ്ഥാനം.2026 ലെ വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പർ കിങ്സ് ടീമുമായി സഞ്ജു 18 കോടി രൂപയുടെ കരാറില്‍ ഒപ്പുവച്ചിരുന്നുവെന്ന വാർത്തകള്‍ പുറത്തു വന്നിരുന്നു. ബിസിസിഐ സെൻട്രല്‍ കോണ്‍ട്രാക്‌ട് സംവിധാനത്തില്‍ പ്രതിവർഷം 1 കോടി രൂപ സമ്പാദിക്കുന്ന സഞ്ജു ഗ്രേഡ് C വിഭാഗത്തിലാണ്. ഇതിന് പുറമേ ടി20യില്‍ ഇന്ത്യക്കായി കളിച്ച ഓരോ മത്സരയിനത്തിനും ഏകദേശം 3 ലക്ഷം രൂപയും, ഓരോ ഏകദിന മത്സരത്തിനും 6 ലക്ഷം രൂപയും മാച്ച് ഫീസായി ലഭിക്കുന്നുവെന്നാണ് കണക്കുകള്‍.
2012 മുതല്‍ 2026 വരെ 15 സീസണുകള്‍ നീണ്ട ഐപിഎല്‍ കരിയറില്‍, രാജസ്ഥാൻ, ഡല്‍ഹി ടീമുകള്‍ക്കായി സഞ്ജു കളിക്കാനിറങ്ങിയിട്ടുണ്ട്. ഈ മത്സരങ്ങളിലാകെ ശമ്പളമായി മാത്രം 100 കോടി രൂപയ്ക്കും മേല്‍ സഞ്ജു സമ്പാദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍.ഐപിഎല്‍ കരാറുകള്‍, ബിസിസിഐ നല്‍കുന്ന പ്രതിഫലം, പരസ്യങ്ങള്‍, റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ എന്നിവ കൂടി കണക്കിലെടുക്കുമ്പോള്‍ 2026 ലെ സഞ്ജു സാംസന്റെ ആകെ ആസ്തി ഏകദേശം 85 കോടി മുതല്‍ 100 കോടി രൂപ വരെയാണെന്ന് വിലയിരുത്തപ്പെടുന്നു.
അദ്ദേഹത്തിന്റെ വാർഷിക വരുമാനം 25 കോടി മുതല്‍ 28 കോടി രൂപ വരെ ഉണ്ടാകുമെന്നാണ് കണക്കുകള്‍. ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകള്‍ ഇതില്‍ വലിയ പങ്ക് വഹിക്കുന്നു. സ്വന്തം സ്ഥലമായ തിരുവനന്തപുരത്തെ ആഡംബര വീട്ടിലാണ് സഞ്ജു താമസിക്കുന്നത്. കൂടാതെ റേഞ്ച് റോവർ, ലെക്സസ് ഇഎസ്, ഓഡി എ6, മെഴ്സിഡസ് ബെൻസ് സി ക്ലാസ്, ബിഎംഡബ്ലിയൂ 5 സിരീസ് തുടങ്ങിയവയും സഞ്ജുവിന്റെ ആഡംബര കാർ ശേഖരത്തിലുണ്ടെന്നാണ് റിപ്പോർട്ടുകള്‍.

















