മികച്ച ശമ്ബളം കൊടുക്കാന്‍ തയാറാകാത്തതുകൊണ്ട് യുവ ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വീസിലേക്കു വരാന്‍ തയാറാകുന്നില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍. മെഡിക്കല്‍ കോളജുകള്‍ വൃദ്ധസദനങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങി തട്ടിക്കൂട്ട് സംവിധാനങ്ങള്‍ ഒരുക്കിയാല്‍ വരും വര്‍ഷങ്ങളില്‍ തട്ടിക്കൂട്ട് ഡോക്ടര്‍മാരാകും ഉണ്ടാകുക എന്നും ഡോ. ഹാരിസ് ആരോപിച്ചു.ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിലേക്കു നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു ഡോ. ഹാരിസ്.
പുതിയ മെഡിക്കല്‍ കോളജുകളില്‍ അടിയന്തിരമായി സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, താല്‍ക്കാലിക സ്ഥലംമാറ്റങ്ങള്‍ അവസാനിപ്പിക്കുക, എന്‍ട്രി കേഡര്‍ ശമ്ബളത്തിലെ അപാകതകള്‍ പരിഹരിക്കുക, 2016 ജനുവരി മുതല്‍ 2020 സെപ്റ്റംബര്‍ വരെയുള്ള ശമ്ബള പരിഷ്‌കരണ കുടിശിക വിതരണം ചെയ്യുക, രോഗികളുടെ എണ്ണത്തിനനുസൃതമായി കൂടുതല്‍ അധ്യാപക തസ്തികകള്‍ നിലവിലെ മെഡിക്കല്‍ കോളജുകളില്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.’ചില മെഡിക്കല്‍ കോളജുകളില്‍ പഠിപ്പിക്കാന്‍ ആളില്ലെന്നാണ് കുട്ടികള്‍ പറയുന്നത്. അവര്‍ യൂട്യൂബ് ഒക്കെ നോക്കി പഠിച്ചെടുക്കുകയാണ്. ഇന്ന് നമ്മള്‍ തട്ടിക്കൂട്ട് സംവിധാനങ്ങളാണ് ഉണ്ടാകുന്നതെങ്കില്‍ ഭാവിയില്‍ ഇവിടെ തട്ടിക്കൂട്ട് ഡോക്ടര്‍മാരായിരിക്കും കൂടുതല്‍ ഉണ്ടാവുക. തട്ടിക്കൂട്ട് ചികിത്സ ആയിരിക്കും ജനങ്ങള്‍ക്ക് ലഭിക്കുന്നത്.
മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം ഇപ്പോള്‍ തന്നെ തീരെ കുറഞ്ഞു തുടങ്ങി. പഠിച്ചുവരുന്ന പലര്‍ക്കും സ്റ്റിച്ച് ഇടാനോ രക്തസാംപിള്‍ എടുക്കാനോ അറിയില്ല. സീനിയര്‍ ഡോക്ടര്‍മാര്‍ പറഞ്ഞു പഠിപ്പിക്കുകയാണ്. മുന്‍പ് കേരളത്തില്‍നിന്നുള്ള ഡോക്ടര്‍മാര്‍ക്ക് വിദേശത്ത് അവിടുത്തെ യോഗ്യതാ പരീക്ഷ എഴുതേണ്ടിയിരുന്നില്ല. ഇപ്പോള്‍ നില മാറി. ഈ മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവര്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ അധികാരികള്‍ ചെവിക്കൊള്ളാന്‍ തയാറായാല്‍ തന്നെ ഒരു പരിധി വരെ പ്രതിസന്ധികള്‍ക്കു പരിഹാരമാകും’- ഡോ. ഹാരിസ് പറഞ്ഞു.

















