കാമുകിയെ കൊലപ്പെടുത്തി സെല്‍ഫി എടുത്തശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കി യമുന നദിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കാമുകനും സഹായിയും പിടിയില്‍. 20 വയസ്സുള്ള ആകാംക്ഷ എന്ന യുവതിയെ കാണാനില്ലെന്ന അമ്മയുടെ പരാതിയിലാണ് കാണ്‍പുർ പോലീസ് ആദ്യം കേസെടുക്കുന്നത്.മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലി ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ ഫത്തേപൂർ സ്വദേശിയായ സൂരജ് കുമാർ ഉത്തം(20) ആകാംഷയെ ജൂലൈ 21-ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ആകാംക്ഷ സൂരജിനെ സമ്മർദ്ദത്തിലാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കാണ്‍പുർ ദേഹത് ജില്ലയിലെ സുജ്‌നിപുർ നിവാസിയായ ആകാംഷ ഹമീർപുർ റോഡിലെ ഭക്ഷണശാലയില്‍ ജോലി ചെയ്യുകയായിരുന്നു. ഹനുമന്ത് വിഹാറില്‍ വാടകമുറിയിലായിരുന്നു താമസിച്ചിരുന്നത്. പ്രതി ഇവിടെ സ്ഥിരം സന്ദർശകനായിരുന്നു. കൊലപാതകത്തിന് ശേഷം സൂരജ് മൃതദേഹത്തോടൊപ്പം സെല്‍ഫിയെടുത്തു. പിന്നീട് സുഹൃത്തായ ജാഫ്രാബാദ് സ്വദേശി ആശിഷ് കുമാറിനെ സഹായത്തിനായി വിളിച്ചു. ഇരുവരും ചേർന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി ചില്ല പാലത്തില്‍നിന്ന് യമുന നദിയിലേക്ക് വലിച്ചെറിഞ്ഞുവെന്ന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (സൗത്ത്) യോഗേഷ് കുമാർ പറഞ്ഞു.
തുടർന്ന്, തെറ്റിദ്ധരിപ്പിക്കാനും തെറ്റായ ലൊക്കേഷൻ വിവരങ്ങള്‍ നല്‍കാനും വേണ്ടി ആകാംഷയുടെ മൊബൈല്‍ ഫോണ്‍ സൂരജ് കാണ്‍പുർ സെൻട്രല്‍ സ്റ്റേഷനിലെ ട്രെയിനില്‍ ഉപേക്ഷിച്ചു. ആകാംക്ഷയുടെ മുറിയിലുണ്ടായിരുന്ന സാധനങ്ങളെല്ലാം ഇയാള്‍ മാറ്റി. ജൂലൈ 22-ന്, മകളുടെ നമ്ബറില്‍നിന്ന് സംശയാസ്പദമായ മറുപടികള്‍ ലഭിച്ചതിനെ തുടർന്ന് അമ്മ വിജയശ്രീ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല.

















