ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റില്‍. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലാണ് യുവതി കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയത്. നേഹ എന്ന യുവതിയാണ് ഭർത്താവ് നാഗേശ്വർ റൗണിയറിനെ കൊലപ്പെടുത്തിയത്. കാമുകൻ ജിതേന്ദ്രയുടെ സഹായത്തോടെയായിരുന്നു കൊലപാതകം.
മദ്യം നല്‍കി ബോധംകെടുത്തിയ ശേഷമാണ് യുവതി ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് കാമുകന്റെ സഹായത്തോടെ 25 കിലോമീറ്റർ അകലെ റോഡരുകില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. അപകടമരണം എന്ന് വരുത്തിതീർക്കാനായിരുന്നു പദ്ധതി. കാമുകനായ ജിതേന്ദ്രയുടെ സഹായത്തോടെയാണ് യുവതി ഭർത്താവിനെ കൊലപ്പെടുത്തിയത്.
നേഹ നാഗേശ്വർ റൗണിയറെ ഒരു സ്ഥലത്തേക്ക് രഹസ്യമായി വിളിച്ചുവരുത്തിയ ശേഷം ബോധം നശിക്കുംവരെ മദ്യം നല്‍കി. പിന്നീട് ജിതേന്ദ്രയുടെ സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ആയുധം ഉപയോഗിച്ച് മർദിക്കുകയും ചെയ്തു. കൊലപാതകം അപകടമരണമാണെന്ന് വരുത്തിത്തീർക്കാനായി ഇരുവരും മൃതദേഹം 25 കിലോമീറ്റർ ദൂരം ഒരു മോട്ടോർ ബൈക്കില്‍ കൊണ്ടുപോയ ശേഷം റോഡരികില്‍ ഉപേക്ഷിച്ചു.
യുവതിയുടെ കുഞ്ഞിനെ മുന്നിലിരുത്തിയാണ് ജിതേന്ദ്ര ബൈക്കോടിച്ചത്. നേഹ ഭർത്താവിന്റെ മൃതദേഹം താങ്ങിപ്പിടിച്ച് പിന്നിലിരുന്നു. മൃതദേഹത്തിന്റെ കാല്‍ഭാഗം നിലത്തുരഞ്ഞ് മുറിവുകള്‍ പറ്റിയതായും പൊലീസ് പറയുന്നു. മൃതദേഹം ഉപേക്ഷിച്ച ശേഷം മുംബൈയിലേക്ക് രക്ഷപ്പെടാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും, മൊബൈല്‍ ലൊക്കേഷൻ വിവരങ്ങളും മരിച്ചയാളുടെ പിതാവ് നല്‍കിയ വിവരങ്ങളും അനുസരിച്ചുള്ള അന്വേഷണത്തില്‍ പാർട്ടവാളിന് സമീപത്തുവച്ച് പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
ശനിയാഴ്ച രാവിലെയാണ് നാഗേശ്വറിന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മകൻ ബൈക്കില്‍ വീട്ടില്‍ നിന്ന് പോയെന്നും പിന്നീട് തിരികെ വന്നില്ലെന്നുമുള്ള പിതാവ് കേശവ് രാജിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. മയക്കുമരുന്നു കേസില്‍ നാഗേശ്വർ ജയിലിലായ സമയത്താണ് നേഹയും ജിതേന്ദ്രയും പ്രണയത്തിലാകുന്നത്.വിവാഹബന്ധത്തിലെ അസംതൃപ്തിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഭർത്താവില്‍ നിന്നുള്ള പീഡനങ്ങള്‍ താങ്ങാനായില്ലെന്നും യുവതി പറയുന്നു. നാഗേശ്വറിനൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വിവാഹമോചന നടപടികള്‍ പുരോഗമിക്കുന്നതിനിടെയും ഭർത്താവിന്റെ ഉപദ്രവം തുടരുകയായിരുന്നു എന്നും യുവതി പൊലീസിന് മൊഴിനല്‍കി. ഇതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും നേഹ പറയുന്നു.

















