സംസ്ഥാനത്തെ ഇടത് മുന്നണിക്ക് മൂന്നാമതും തുടർ ഭരണം ലഭിക്കാതെ പോയാല്‍ അതിൻ്റെ ഉത്തരവാദി ആഭ്യന്തരവകുപ്പ് ആയിരിക്കുമെന്ന് സിപിഐ സംസ്ഥാന സമ്മേളനത്തില്‍ മുന്നറിയിപ്പ്. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിന്മേല്‍ നടന്ന പൊതു ചർച്ചയില്‍ എറണാകുളത്ത് നിന്നുള്ള പ്രതിനിധി ആയൂബ് ഖാനാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. പോലീസിനെ നിയന്ത്രിച്ചില്ലെങ്കില്‍ വൻ തിരിച്ചടി ഉണ്ടാകുമെന്നും പ്രതിനിധികള്‍ മുന്നറിയിപ്പു നല്‍കി.

യുഡിഎഫ്, ബിജെപി എന്നിവരുടെ താല്‍പര്യം സംരക്ഷിക്കുന്നവർ പോലീസില്‍ ഉണ്ട്. അതില്‍ ഐപിഎസ് മുതല്‍ താഴെത്തട്ടിലെ ഇൻസ്പെക്ടർമാർ വരെ ഉണ്ട്. കാസർഗോഡ്, മലപ്പുറം, എറണാകുളം ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് പോലീസിനെതിരെ രൂക്ഷമായ വിമർശനം നടത്തിയത്. പാർട്ടി ഭരിക്കുന്ന വകുപ്പുകളോട് ധനകാര്യ വകുപ്പിന് ചിറ്റമ്മ നയമാണെന്നും പ്രതിനിധികള്‍ വിമർശിച്ചു. മന്ത്രിമാരെ കൂച്ചുവിലങ്ങിട്ട് നീന്തല്‍ കുളത്തിലേക്ക് തള്ളിയിട്ട അവസ്ഥയാണ്. സിപിഐ മന്ത്രിമാരുടെ കൈയും കാലും ചങ്ങലയില്‍ ബന്ധിച്ചിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വകുപ്പുകള്‍ക്ക് സാമ്ബത്തിക വിഹിതം അനുവദിക്കുന്നതില്‍ ധനകാര്യ വകുപ്പ് പക്ഷപാതപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് രാഷ്ട്രീയ റിപ്പോർട്ടിന്മേല്‍ നടന്ന പൊതു ചർച്ചയില്‍ പ്രതിനിധികള്‍ വിമർശിച്ചു. സപ്ലൈകോയാണ് ഇതിൻറെ ഏറ്റവും നല്ല ഉദാഹരണം എന്നും ചർച്ചയില്‍ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. തൃശ്ശൂർ പൂരം കലക്കല്‍ ആസൂത്രിതമാണെന്ന വിമർശനവും സിപിഐ സംസ്ഥാന സമ്മേളനത്തില്‍ ഉയർന്നു. റവന്യൂ മന്ത്രി വിളിച്ചിട്ട് പോലും എഡിജിപി എം. ആർ അജിത് കുമാർ ഫോണ്‍ എടുക്കാത്തത് മനപ്പൂർവ്വമാണ്.

കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ നിയന്ത്രിക്കുന്നത് ആർഎസ്‌എസ് ഫ്രാക്ഷനുകളാണ്.മുഖ്യമന്ത്രി എം ആർ അജിത് കുമാറിനെ സംരക്ഷിക്കുമ്ബോള്‍ ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കല്‍ സെക്രട്ടറിമാരും പൊലിസ് സ്റ്റേഷനുകളില്‍ ഇടി വാങ്ങുകയാണ്. സാധാരണ ജനത്തിന്റെയും അവസ്ഥ മറിച്ചല്ല. മുഖ്യമന്ത്രി ഭരിക്കുന്ന പോലീസ് വകുപ്പ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മൂല്യങ്ങള്‍ ബലികഴിക്കുക ആണ്.

ഇതിനെ ചോദ്യം ചെയ്യാൻ സിപിഐ തയ്യാറാകണമെന്നും പൊതു ചർച്ചയില്‍ ആവശ്യമുയർന്നു.കേരളാ പൊലീസില്‍ അടിത്തട്ടുമുതല്‍ മുകള്‍ത്തട്ടുവരെ ക്രിമിനല്‍ ബന്ധമുള്ളവർ ഉണ്ടെന്നും പ്രതിനിധികള്‍ വിമർശിച്ചു.എം ആർ അജിത്കുമാർ ക്രിമിനല്‍ ബന്ധത്തിന്റെ പ്രകടമായ തെളിവാണ്. പൂരം കലക്കലില്‍ അജിത് കുമാർ വഹിച്ച പങ്കിനെ സംബന്ധിച്ച്‌ സർക്കാരിന് ഇപ്പോഴും സംശയം ആണെന്നും ചർച്ചയില്‍ പങ്കെടുത്തവർ പരിഹസിച്ചു.ആർഎസ്‌എസ് നേതൃത്വവുമായി അജിത് കുമാറിന് ഉള്ള അടുത്ത ബന്ധം മൂലമാണ് മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്നതെന്നും പ്രതിനിധികള്‍ ആരോപിച്ചു.

സിപിഐ സംസ്ഥാന സമ്മേളനത്തിലെ പൊതു ചർച്ചയില്‍ മുഖ്യമന്ത്രിക്ക് നേരെ നിരവധിതവണ പരിഹാസം ഉണ്ടായി. നവ കേരള സദസ്സ് ബസ്സിന് നേരെ കരിങ്കൊടി കാണിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് രക്ഷപ്രവർത്തന സർട്ടിഫിക്കറ്റ് കൊടുക്കുന്ന കൈകൊണ്ട് പോലീസിന് ഗുണ്ടാ സർട്ടിഫിക്കറ്റ് കൊടുക്കണ്ട ഗതികേടാണ് മുഖ്യമന്ത്രിക്ക് ഉണ്ടായിരിക്കുന്നത് എന്നായിരുന്നു ഒരു പരിഹാസം. സിപിഐ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിച്ച മുഖ്യമന്ത്രി ഒരുതവണ പോലും സിപിഐ എന്ന് പറഞ്ഞില്ലെന്നും പ്രതിനിധികള്‍ വിമർശിച്ചു. സംസ്ഥാന സമ്മേളനത്തെ അഭിവാദ്യം ചെയ്യാൻ പോലും മുഖ്യമന്ത്രി കൂട്ടാക്കിയില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടി.

സംസ്ഥാന സർക്കാരിന്റെ പോലീസ് നയം എല്‍ഡിഎഫിൻ്റേതല്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ആഭ്യന്തര വകുപ്പ് ഇപ്പോള്‍ നടപ്പിലാക്കുന്ന നയം എല്‍ഡിഎഫിന്റേതല്ല. എന്നിട്ടും ഇടപെടാൻ പോലും സിപിഐക്ക് കഴിയുന്നില്ലെന്നും പ്രതിനിധികള്‍ വിമർശിച്ചു.മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ വമ്ബൻ പോലീസ് അകമ്ബടിക്ക് എതിരെയും വിമർശനം ഉയർന്നു.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനത്തിന് വരുമ്ബോള്‍ എന്തിന് ഇത്രയും പോലീസ് അകമ്ബടി എന്നാണ് പ്രതിനിധികള്‍ ചോദിച്ചത്.

സമ്മേളന വേദിയില്‍ പോലീസിനെ കൊണ്ടുവന്ന് ഷോ കാണിച്ചു.ഇതൊന്നും ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേർന്നതല്ല. പാർട്ടി സമ്മേളന പ്രതിനിധികളെ മെറ്റല്‍ ഡിറ്റക്ടർ പരിശോധനയ്ക്ക് ശേഷമാണ് കടത്തിവിട്ടത്.സമ്മേളന വേദിയില്‍ എന്ത് സുരക്ഷാ പ്രശ്നമാണുള്ളതെന്നും ചർച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ ചോദിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക