എറണാകുളം കോട്ടയം ഇടുക്കി പത്തനംതിട്ട ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനധികൃത പണം ഇടപെടുകാരെ ലക്ഷ്യമിട്ട് പോലീസ് ഓപ്പറേഷൻ ഷൈലോക്ക് എന്ന പേരിൽ റെയ്ഡ് സംഘടിപ്പിച്ചിരുന്നു. ലക്ഷക്കണക്കിന് രൂപയും, അനധികൃതമായി പലിശയിടാക്കിയതിന്റെ രേഖകളും, പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളും അടക്കം പിടിച്ചെടുത്തുകൊണ്ട് ബ്ലേഡ് മാഫിയയ്ക്ക് കനത്ത ആഘാതം ഏൽപ്പിക്കുന്ന നീക്കങ്ങളാണ് പോലീസ് സേനയിൽ നിന്ന് ഉണ്ടായത്.

ഓപ്പറേഷന്റെ ഭാഗമായി കോട്ടയം ജില്ലയിൽ നടന്ന പരിശോധനകളിൽ പാലാ പോലീസ് സിപിഎമ്മിന്റെ മീനച്ചിൽ ലോക്കൽ സെക്രട്ടറിയായ ജിനു വട്ടപ്പള്ളിയുടെ വീട്ടിലും പരിശോധന നടത്തിയിരുന്നു. ചില പരാതികളുടെ കൂടെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ആയതിനാൽ തന്നെ പണ ഇടപടവുമായി ബന്ധപ്പെട്ട ചില രേഖകൾ കണ്ടെടുത്തതിനാൽ ഇയാൾക്കെതിരെ മണി ലെൻഡിങ് ആക്ടിലെ വകുപ്പുകളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ ഇട്ട് കേസും രജിസ്റ്റർ ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ വാർത്ത ആദ്യമായി പുറത്തുവിട്ടത് കേരള സ്പീക്ക്സ് ആയിരുന്നു. എന്നാൽ ജിനു വട്ടപ്പള്ളിയെ മനപ്പൂർവ്വം കരുവാക്കുവാൻ ലക്ഷ്യമിട്ട് നടന്ന നീക്കങ്ങളുടെ ഫലമാണ് ഈ കേസ് എന്ന് സിപിഎമ്മിലെ ചില കേന്ദ്രങ്ങൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. അടുത്ത ബന്ധുവിനെ സഹായിക്കാൻ ജിനു നടത്തിയ ശ്രമങ്ങളാണ് കേസിൽ പെടുവാനുള്ള സാധ്യത ഉണ്ടാക്കിയതെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോൾ പിടിച്ചെടുത്തു എന്ന് പറയപ്പെടുന്ന രേഖകൾ ഇയാളുടെ ഒരു ബന്ധു നടത്തിയിരുന്ന ചിട്ടിയുടേതാണെന്നും ഇവർ വിശദീകരിക്കുന്നു. വിദേശത്തേക്ക് പോയ ബന്ധുവിനും, ചിട്ടി പിടിക്കാത്ത ഇടപാടുകാർക്കും ധനനഷ്ടം ഉണ്ടാകാതിരിക്കുവാൻ ഇയാൾ ചിട്ടികളുടെ നടത്തിപ്പ് ഏറ്റെടുത്തിരുന്നു. നടത്തിവന്നിരുന്ന ചിട്ടികളിൽ ചിലത് പൂർത്തിയാക്കാതെയാണ് ഇയാളുടെ ബന്ധു വിദേശത്തേക്ക് പോയതെന്ന് ഞങ്ങളുടെ അന്വേഷണത്തിലും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

പാർട്ടിയിലെ യുവ നേതാവിനെതിരെ ഉണ്ടായ നീക്കങ്ങൾക്ക് രാഷ്ട്രീയ എതിരാളികൾക്കൊപ്പം തന്നെ ഭരണമുന്നണിക്കുള്ളിൽ നിന്നും പിന്തുണയുണ്ടായി എന്ന സംശയങ്ങളാണ് ബലപ്പെടുന്നത്. പ്രബല വിഭാഗങ്ങൾ തമ്മിലുള്ള അധികാര വടംവലിയുടെ ഇരയാണ് ജിനു എന്നും പറയപ്പെടുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പാലാ രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കും എന്ന് തന്നെയാണ് അറിയാൻ കഴിയുന്നത്.

ജിനുവിനെ ബ്ലേഡ് പലിശക്കാരൻ ആക്കി ചിത്രീകരിക്കുവാൻ മുൻകൂർ ആസൂത്രണത്തോടെ ചില പരാതികൾ പോലീസിന് മുന്നിൽ എത്തിയത് എങ്ങനെ എന്നാണ് ഇയാളെ അനുകൂലിക്കുന്ന കേന്ദ്രങ്ങൾ ഇപ്പോൾ അന്വേഷണം നടത്തുന്നത്. ഇയാളുടെ വീട്ടിൽ നിന്ന് പണമോ, പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളോ, പ്രോമിസറി നോട്ടുകളോ, മൂന്നാം കക്ഷികളുടെ ബ്ലാങ്ക് ചെക്കുകളോ ഒന്നും തന്നെ കണ്ടെടുക്കാനും കഴിഞ്ഞിട്ടില്ല. ഇക്കാര്യങ്ങൾ കൊണ്ട് തന്നെ കേസ് നിലനിൽക്കില്ല എന്ന് ചില നിയമ വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക