ചുരിദാർ ധരിച്ചെത്തിയതിന്റെ പേരില്‍ പ്രധാനാധ്യാപികയെ സ്‌കൂളില്‍ പ്രവേശിക്കാൻ അനുവദിക്കാതിരുന്ന സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് കേരള വനിതാ കമ്മീഷൻ. വിഷയത്തില്‍ അടിയന്തര റിപ്പോർട്ട് നല്‍കാൻ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്ന് അധ്യക്ഷ അഡ്വ. പി സതീദേവി അറിയിച്ചു. സത്യൻ സ്മാരക ഹാളില്‍ നടന്ന ജില്ലാതല സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അവർ.
ഇത്തരം നടപടികള്‍ സ്ത്രീ സമൂഹത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും ശക്തമായി പ്രതികരിക്കേണ്ടതുണ്ടെന്നും അധ്യക്ഷ കൂട്ടിച്ചേർത്തു.ഇന്നലെ രാവിലെയാണ് നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളില്‍ ഡ്യൂട്ടിക്കെത്തിയ പ്രധാന അധ്യാപിക സിന്ധുവിനെ സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റില്‍ തടഞ്ഞത്. എച്ച് എം ചുരിദാർ ഇട്ട് വന്നാല്‍ അകത്തേക്ക് കടത്തിവിടേണ്ട എന്നതാണ് മാനേജരുടെ നിർദ്ദേശമെന്നായിരുന്നു മറുപടി. ടീച്ചർ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പൊലീസ് എത്തി അകത്ത് കയറ്റി.
അധ്യാപികയുടെ പരാതിയില്‍ കൊട്ടാരക്കര പൊലീസ് സെക്യൂരിറ്റി ജീവനക്കാരനായ ശശാങ്കനെതിരെ കേസെടുത്തു. തടഞ്ഞുവെച്ചതിലൂടെ അധ്യാപികയുടെ അന്തസിന് ഹാനി വരുത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സ്കൂള്‍ മാനേജർ സുരേഷ് കുമാർ അധികാര ദുർവിനിയോഗമാണ് നടത്തുന്നതെന്ന് അധ്യാപിക പറയുന്നു. അധ്യാപികമാർ സാരി തന്നെ ധരിക്കണമെന്ന് നിർബന്ധമില്ലെന്ന് സർക്കാർ ഉത്തരവുണ്ട്. ജോലി ചെയ്യാൻ കഴിയാത്ത വിധം മാനേജർ നിരന്തരം ബുദ്ധിമുട്ടികയാണെന്നും സിന്ധു ആരോപിച്ചു.

















