ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രായേലി വ്യോമാക്രമണം. ഇസ്രായേലുമായി സമാധാന ചര്‍ച്ച നടത്തുന്നതിന് ദോഹ കേന്ദ്രീകരിച്ചിരിക്കുന്ന ഹമാസ് നേതൃത്വത്തിന് നേരെയാണ് ആക്രമണം നടന്നത്. വിധി ദിനം എന്നര്‍ത്ഥം വരുന്ന അത്സെറെത് ഹദിന്‍ എന്ന പേരിലാണ് ആക്രമണം എന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
വ്യോമാക്രമണം നടത്തുന്നതിന് മുമ്ബ് ഇസ്രായേല്‍ അമേരിക്കയെ അറിയിച്ചിരുന്നുവെന്ന് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ അറിയിച്ചു. യുഎസ് നല്‍കിയ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ യുഎസ് എംബസി തങ്ങളുടെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇത് പിന്നീട് പിന്‍വലിച്ചു. ദോഹയിലെ സാഹചര്യം സുരക്ഷിതമെന്നും പൗന്മാര്‍ ആശങ്കപെടേണ്ടെന്നും യുഎസ് എംബസി അറിയിച്ചു.
ജറുസലേമില്‍ കഴിഞ്ഞ ദിവസം നടത്തിയ വെടിവെയ്പ്പിന്റെ പ്രതികാരമായിട്ടാണ് ഹമാസ് നേതാക്കള്‍ക്കുനേരെ ആക്രമണത്തിന് ഇസ്രയല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗ്രീന്‍ സിഗ്‌നല്‍ കാണിച്ചതെന്നും പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് വ്യക്തമാക്കി. ദോഹയിലുണ്ടായ ആക്രമണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇസ്രയേല്‍ ഏറ്റെടുക്കുന്നുവെന്ന് നേരത്തെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരുന്നു.
‘ആറുപേര്‍ കൊല്ലപ്പെട്ട ഇന്നലത്തെ ജറുസലേം ഭീകരാക്രമണത്തിന്റെയും വടക്കന്‍ ഗാസയില്‍ നാല് സൈനികരുടെ മരണത്തിനിടയാക്കിയ ഇസ്രായേലി ടാങ്കിന് നേരെയുണ്ടായ മാരകമായ ആക്രമണത്തിന്റെയും പശ്ചാത്തലത്തില്‍, വിദേശത്തുള്ള ഹമാസ് നേതാക്കള്‍ക്കെതിരെ ആക്രമണത്തിന് തയ്യാറെടുക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായേലിന്റെ സുരക്ഷാ ഏജന്‍സികള്‍ക്ക് കഴിഞ്ഞ രാത്രി നിര്‍ദ്ദേശം നല്‍കി’ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സും സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ഇന്ന് ഉച്ചയോടെ ഒരു ‘സൈനിക നടപടിക്കുള്ള അവസരം’ തിരിച്ചറിഞ്ഞപ്പോള്‍ ആക്രമണം നടത്തിയെന്നും പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, ഇസ്രയേല്‍ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. മധ്യസ്ഥശ്രമങ്ങള്‍ നിർത്തിവച്ചുവെന്നും ഖത്തർ അറിയിച്ചു. അതിനിടെ, ഖത്തറിന് പൂർണ ഐക്യദാർഢ്യം അറിയിച്ച് യുഎഇ വിദേശകാര്യ മന്ത്രി രംഗത്തെത്തി. പൂർണമായും ഇസ്രായേല്‍ നടപ്പാക്കിയ ആക്രമണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസ് പ്രതികരിച്ചു. അക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ‘തങ്ങള്‍ ആലോചിച്ചു, തങ്ങള്‍ നടപ്പാക്കി’ എന്നാണ് ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസ് പ്രതികരിക്കുന്നത്. അമേരിക്കയെ അറിയിച്ച ശേഷമെന്ന് ആക്രമണം നടത്തിയതെന്നും ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

















