പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിച്ചതിനുള്ള പ്രതികാരമായി അമേരിക്കൻ-ഇസ്രയേല്‍ സൈനിക താവളങ്ങളിലേക്കുള്ള ഇറാന്‍റെ തിരിച്ചടിയില്‍ രൂക്ഷമായ ആക്രമണമാണ് യു എ ഇ നേരിടുന്നത്. യു എ ഇയ്ക്ക് നേരെ ഇറാന്റെ അതിശക്തമായ മിസൈല്‍ – ഡ്രോണ്‍ ആക്രമണമാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. 165 ബാലസ്റ്റിക് മിസൈലുകളും 2 ക്രൂസ് മിസൈലുകളും 541 ഡ്രോണുകളുമാണ് ഇതിനകം യു എ ഇ ലക്ഷ്യമാക്കി എത്തിയത്.

ഇതില്‍ ഭൂരിഭാഗവും പ്രതിരോധ സംവിധാനങ്ങള്‍ തകർത്തുവെങ്കിലും മിസൈല്‍ അവശിഷ്ടങ്ങള്‍ ജനവാസ മേഖലകളില്‍ പതിച്ച്‌ മൂന്ന് പേർ കൊല്ലപ്പെട്ടു. പാകിസ്ഥാൻ, നേപ്പാള്‍, ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ചതെന്നാണ് ഔദ്യോഗിക വിവരം. ആക്രമണങ്ങളില്‍ 58 പേർക്ക് പരിക്കേറ്റു, ഇതില്‍ ഇന്ത്യക്കാരും ഉള്‍പ്പെടുന്നുവെന്ന് യു എ ഇ അധികൃതർ വ്യക്തമാക്കി. യു എ ഇ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ 152 ബാലസ്റ്റിക് മിസൈലുകളും 506 ഡ്രോണുകളും ആകാശത്തുവെച്ച്‌ തന്നെ നശിപ്പിച്ചു. 21 ഡ്രോണുകള്‍ ജനവാസ കേന്ദ്രങ്ങളില്‍ പതിച്ചതാണ് നാശനഷ്ടങ്ങള്‍ക്കും മരണത്തിനും കാരണമായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

3 ദിവസം അതീവ ജാഗ്രത: ഇറാന്‍റെ മിസൈല്‍ ആക്രമണ ഭീഷണിയെത്തുടർന്ന് അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രതയാണ് യു എ ഇ പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച്‌ 2, 3, 4 തീയതികളില്‍ രാജ്യത്തെ സ്കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഐ സി എസ് ഇ, ഐ എസ് സി പരീക്ഷകള്‍ ഉള്‍പ്പെടെ മാറ്റിവെച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ സ്വകാര്യ – സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ അനുവദിക്കാനും തീരുമാനിച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചതായും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും യു എ ഇ ഭരണകൂടം അറിയിച്ചു.

ദുബായ് ഗ്ലോബല്‍ വില്ലേജ് അടച്ചു: പശ്ചിമേഷ്യയില്‍ യുദ്ധഭീതി പടർത്തിയ സാഹചര്യത്തില്‍ മുൻകരുതല്‍ നടപടിയായി ദുബായ് ഗ്ലോബല്‍ വില്ലേജ് താത്കാലികമായി അടച്ചു. സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് മുതല്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗ്ലോബല്‍ വില്ലേജിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് അറിയിപ്പ്. ഇറാന്‍റെ തിരിച്ചടിയുടെ ഭാഗമായി ഗള്‍ഫ് മേഖലയിലെ സൈനിക നീക്കങ്ങളും മിസൈല്‍ ആക്രമണങ്ങളും യു എ ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കനത്ത ജാഗ്രതയ്ക്ക് കാരണമായ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വിനോദസഞ്ചാരികളും പ്രവാസികളും ധാരാളമായി എത്തുന്ന കേന്ദ്രമായതിനാല്‍ ജനക്കൂട്ടം ഒഴിവാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

ഇറാന്‍റെ ഭാഗത്ത് നിന്നും തുടർച്ചയായ മിസൈല്‍ – ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ കടുത്ത മുന്നറിയിപ്പുമായി നേരത്തെ യു എ ഇ രംഗത്തെത്തിയിരുന്നു. ഇനിയും ആക്രമണം ഉണ്ടായാല്‍ രാജ്യം ശക്തമായ പ്രതിരോധത്തിലേക്കും തിരിച്ചടിയിലേക്കും നീങ്ങുമെന്ന് യു എ ഇ അന്താരാഷ്ട്ര സഹകരണ സഹ മന്ത്രി റീം അല്‍ ഹാഷിമി മുന്നറിയിപ്പ് നല്‍കി. ‘സിഎൻഎന്നി’ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി യു എ ഇയുടെ കടുത്ത നിലപാട് വ്യക്തമാക്കിയത്. ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളിലേ അമേരിക്കൻ സൈനിക താവളങ്ങള്‍ക്ക് നേരെ ഇന്നലെ മുതല്‍ ഇറാൻ ആക്രമണം നടത്തുന്നതിന്‍റെ പശ്ചാത്തലത്തിലാണ് യു എ ഇയുടെ കടുത്ത പ്രതികരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക