മധ്യപൂർവ്വേഷ്യയെ അക്ഷരാർത്ഥത്തില്‍ ചാരമാക്കിക്കൊണ്ട് ഇറാൻ-ഇസ്രായേല്‍ യുദ്ധം സർവ്വനാശത്തിലേക്ക് നീങ്ങുന്നു.അമേരിക്കയുടെയും ഇസ്രായേലിന്റെയും വ്യോമാക്രമണങ്ങള്‍ക്ക് മറുപടിയായി ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ പ്രത്യാക്രമണത്തില്‍ ദുബായ്, അബുദാബി, ദോഹ എന്നിവിടങ്ങളില്‍ വൻ സ്ഫോടനങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ഇറാൻ്റെ സൈനിക-ഭരണ നേതൃത്വത്തെ തകർക്കാൻ അമേരിക്ക നേരിട്ട് രംഗത്തിറങ്ങിയതോടെയാണ് യുദ്ധം അതിന്റെ എല്ലാ ഭീകരതയോടും കൂടി ഗള്‍ഫ് മേഖലയെ വിഴുങ്ങാൻ തുടങ്ങിയത്. ചൊവ്വാഴ്ച യുദ്ധം നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍, ഇറാനിലെ ഒരു സ്കൂളിന് നേരെയുണ്ടായ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 787 ആയി ഉയർന്നു. പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ ലോകത്തെ നടുക്കിയിരിക്കുകയാണ്. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് വ്യക്തമാക്കിയ ഇറാൻ, ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്കും തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്കും നേരെ മിസൈല്‍-ഡ്രോണ്‍ മഴയാണ് വർഷിക്കുന്നത്.
ഇസ്രായേലിനെ സഹായിക്കുന്ന അമേരിക്കൻ നിലപാടിനെതിരെ ശക്തമായ താക്കീതാണ് ഇറാൻ നല്‍കുന്നത്. യുദ്ധം നീണ്ടുനിന്നാല്‍ നേരിട്ടുള്ള കരസേനാ നീക്കത്തിന് മടിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതോടെ സാഹചര്യം അതീവ ഗുരുതരമായി. എത്ര വലിയ സൈനിക നീക്കത്തെയും നേരിടാൻ വാഷിംഗ്ടണ്‍ സജ്ജമാണെന്നാണ് ട്രംപിൻ്റെ പക്ഷം. എന്നാല്‍ സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും ചർച്ചകള്‍ക്ക് ഇപ്പോഴും നേരിയ സാധ്യതയുണ്ടെന്നും ഇറാൻ ആവർത്തിക്കുന്നു. ഇതിനിടെ ആഗോള സമ്പദ്‌വ്യവസ്ഥയെ മുട്ടുകുത്തിക്കാൻ ശേഷിയുള്ള നീക്കവുമായി ഇറാൻ രംഗത്തെത്തി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടി. ഈ പാതയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ഏത് കപ്പലിനെയും നിമിഷങ്ങള്‍ക്കുള്ളില്‍ അഗ്നിക്കിരയാക്കുമെന്നാണ് ഇറാൻ സൈന്യത്തിന്റെ മുന്നറിയിപ്പ്. ലോകത്തെ എണ്ണ വിതരണത്തിന്റെ പ്രധാന നാഡി തടയപ്പെട്ടതോടെ ആഗോള വിപണിയില്‍ ഇന്ധനവില കുതിച്ചുയരുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.
ഇറാൻ തൊടുത്തുവിട്ട മിസൈലുകള്‍ 11-ഓളം രാജ്യങ്ങളുടെ വ്യോമാതിർത്തികളില്‍ ഭീതി വിതച്ചുകഴിഞ്ഞു. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങള്‍ അതീവ ജാഗ്രതയിലാണ്. യുഎഇയിലെ പ്രമുഖ നഗരങ്ങളില്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതോടെ പ്രവാസി സമൂഹവും വലിയ പരിഭ്രാന്തിയിലാണ്. ഇറാൻ്റെ പരമോന്നത നേതാവ് ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യം വെച്ച് ഇസ്രായേല്‍ നീക്കം നടത്തുന്നതും, തിരിച്ചടിയായി ഇറാൻ അമേരിക്കൻ ആസ്തികള്‍ തകർക്കുന്നതും മേഖലയെ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആക്രമണം നിർത്താൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയതോടെ സമാധാന ചർച്ചകള്‍ പൂർണ്ണമായും വഴിമുട്ടിയിരിക്കുകയാണ്. വരും മണിക്കൂറുകളില്‍ ഗള്‍ഫ് മേഖലയില്‍ എന്ത് സംഭവിക്കുമെന്നറിയാതെ ശ്വാസമടക്കി പിടിച്ചിരിക്കുകയാണ് ലോകം.

















