ഭാവിയിലെ യുദ്ധങ്ങള്‍ വെടിയുണ്ടകള്‍ കൊണ്ടല്ല, മറിച്ച്‌ കണ്ണുകൊണ്ട് കാണാൻ പോലും കഴിയാത്ത ‘ഡിജിറ്റല്‍ പ്രാണികള്‍’ കൊണ്ടായിരിക്കുമെന്ന് വെളിപ്പെടുത്തി ഐപിഎസ് ഓഫീസർ യശസ്വി യാദവ്.ഇസ്രായേല്‍ – ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍, ഇസ്രായേല്‍ സന്ദർശനത്തിനിടെ താൻ നേരിട്ട് കണ്ട അത്യാധുനിക ആയുധങ്ങളെക്കുറിച്ച്‌ ഒരു പോഡ്‌കാസ്റ്റില്‍ അദ്ദേഹം പങ്കുവെച്ച വിവരങ്ങള്‍ ഇപ്പോള്‍ ആഗോളതലത്തില്‍ ചർച്ചയാവുകയാണ്.

കൊതുകിന്‍റെ വലിപ്പമുള്ള ഡ്രോണുകള്‍

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാൻ പ്രയാസമുള്ള, കൊതുകിന്‍റെ വലിപ്പം മാത്രമുള്ള അതീവ സൂക്ഷ്മമായ ഡ്രോണുകളെക്കുറിച്ചാണ് യശസ്വി യാദവ് വിവരിച്ചത്. ഈ കൊച്ചു ഡ്രോണുകളില്‍ ‘ഫേസ് റെക്കഗ്നിഷൻ’ സോഫ്റ്റ്‌വെയർ ഘടിപ്പിച്ചിട്ടുണ്ട്. വലിയൊരു ജനക്കൂട്ടത്തിനിടയില്‍ നിന്ന് ലക്ഷ്യം വെച്ച വ്യക്തിയെ ഇവ കൃത്യമായി തിരിച്ചറിയും. ലക്ഷ്യം കണ്ടെത്തിയാല്‍ ആ വ്യക്തിയുടെ നെറ്റിയില്‍ സയനൈഡ് സിറിഞ്ച് കുത്തിവെക്കാൻ ഇവയ്ക്ക് സാധിക്കും. ഇതിലൂടെ സംഭവിക്കുന്ന മരണം ഒരു സാധാരണ ഹൃദയാഘാതമായി മാത്രമേ പുറമെ നിന്ന് നോക്കുന്നവർക്ക് തോന്നു. ആക്രമണത്തിന് ശേഷം ഈ ഡ്രോണുകളില്‍ ഘടിപ്പിച്ചിട്ടുള്ള ആർഡിഎക്സ് ഉപയോഗിച്ച്‌ അവ സ്വയം പൊട്ടിത്തെറിക്കും. ഇതോടെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താൻ പോലും സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.

ഖമനേയിയെ വധിച്ച ഇസ്രയേല്‍ തന്ത്രം

യശസ്വി യാദവ് സൂചിപ്പിച്ചതുപോലെയുള്ള അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഫെബ്രുവരി 28 -ന് ഇറാന്‍റെ പരമോന്നത് നേതാവ് ആയത്തുല്ല അലി ഖമനേയി കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. ഫിനാൻഷ്യല്‍ ടൈംസ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, ഇറാന്‍റെ സുരക്ഷാ സംവിധാനങ്ങളെ ഇസ്രായേല്‍ പൂർണ്ണമായും നിഷ്പ്രഭമാക്കിയിരുന്നു. ടെഹ്റാനിലെ മിക്കവാറും എല്ലാ ട്രാഫിക് ക്യാമറകളും വർഷങ്ങളായി ഇസ്രായേല്‍ ചാരസംഘടനകള്‍ ഹാക്ക് ചെയ്തിരുന്നു. ഇതിലൂടെ ഖമനേയിയുടെ ബോഡിഗാർഡുകളുടെ നീക്കങ്ങള്‍, അവരുടെ പേരുവിവരങ്ങള്‍, ജോലി സമയം എന്നിവ ഇസ്രായേല്‍ കൃത്യമായി മനസ്സിലാക്കി.

ഖമനേയി കൊല്ലപ്പെട്ട പാസ്ചർ സ്ട്രീറ്റിലെ മൊബൈല്‍ ഫോണ്‍ ശൃംഖലകള്‍ ആക്രമണ സമയത്ത് അമേരിക്കയും ഇസ്രായേലും ചേർന്ന് തടസ്സപ്പെടുത്തി. മുന്നറിയിപ്പുകള്‍ നല്‍കാൻ ശ്രമിച്ചവർക്കെല്ലാം ‘ബിസി’ സിഗ്നല്‍ മാത്രമേ ലഭിച്ചുള്ളൂ. “ഞങ്ങള്‍ക്ക് ജറുസലേം അറിയാവുന്നത് പോലെ തന്നെ ടെഹ്റാനും അറിയാമായിരുന്നു” എന്നാണ് ഒരു ഇസ്രായേല്‍ ഉദ്യോഗസ്ഥൻ പറഞ്ഞത്, ശത്രു രാജ്യത്തിന്‍റെ ഹൃദയഭാഗത്ത് പോലും ഇസ്രായേല്‍ എത്രത്തോളം ആഴത്തില്‍ നുഴഞ്ഞുകയറിയിരുന്നു എന്നതിന്‍റെ തെളിവാണിത്. യശസ്വി യാദവിന്‍റെ വെളിപ്പെടുത്തലോടെ ഭാവിയിലെ യുദ്ധ ആയുധങ്ങളെ കുറിച്ച്‌ വലിയ ചർച്ചയാണ് സമൂഹ മാധ്യമങ്ങളില്‍ സജീവമായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക