രാജ്യത്തിന്റെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി എൻഡിഎയുടെ സ്ഥാനാർത്ഥി സിപി രാധാകൃഷ്ണൻ (67) തെരഞ്ഞെടുക്കപ്പെട്ടു. 452 വോ‌ട്ട് നേടിയാണ് രാധാകൃഷ്ണൻ പതിനഞ്ചാം ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. തമിഴ്‌നാട്ടില്‍ നിന്നുള്ള മുതിർന്ന ബിജെപി നേതാവായ സി പി രാധാകൃഷ്ണൻ, ആർഎസ്‌എസ്, ജനസംഘം എന്നിവയിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്.

ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാർത്ഥിയായ ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പില്‍ ആകെ 767 പാർലമെന്റ് അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ സിപി രാധാകൃഷ്ണന് 452 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകള നേടാൻ കഴിഞ്ഞു. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് നടന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ ഉള്‍പ്പെട്ട ഇലക്റ്ററല്‍ കോളെജിന് നിലവില്‍ 781 ആയിരുന്നു അംഗബലം. വൈഎസ്‌ആർ കോണ്‍ഗ്രസിന്‍റെ പിന്തുണ ഉള്‍പ്പെടെ 437 വോട്ടുകളാണ് എൻഡിഎ ഉറപ്പാക്കിയിരുന്നത്. രഹസ്യ ബാലറ്റിലൂടെ നടന്ന തെരഞ്ഞെടുപ്പില്‍ 15 വോട്ടുകള്‍ അധികമായി ലഭിച്ചത് എൻഡിഎയുടെ ഏകോപന മികവിനു തെളിവായപ്പോള്‍ 324 വോട്ടുകള്‍ പ്രതീക്ഷിച്ചിരുന്ന റെഡ്ഡി 300ല്‍ ഒതുങ്ങിയത് പ്രതിപക്ഷത്തെ വോട്ടുചോർച്ച തുറന്നുകാട്ടി.

15 പ്രതിപക്ഷാംഗങ്ങളെങ്കിലും രാധാകൃഷ്ണന് വോട്ട് ചെയ്തെന്നു ബിജെപി നേതാക്കള്‍ പറഞ്ഞു. നേരത്തേ, തങ്ങളുടെ 315 വോട്ടുകളും റെഡ്ഡിക്കു തന്നെയെന്ന് ഉറപ്പിച്ചതായി നേരത്തേ കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു.ഏഴ് എംപിമാരുള്ള ബിജെഡി, നാലംഗങ്ങളുള്ള ബിആർഎസ്, ഒരംഗമുള്ള അകാലിദള്‍ എന്നീ കക്ഷികളും രണ്ടു സ്വതന്ത്രരും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ജൂലൈ 21ന് ജഗദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെയാണ് ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് അനിവാര്യമായത്. ഉപരാഷ്ട്രപതി പദവിയില്‍ 2 വർഷം ബാക്കി നില്‍ക്കെയായിരുന്നു ജഗദീപ് ധൻകറിന്‍റെ അപ്രതീക്ഷിത രാജി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക