ബ്ലേഡ് പലിശക്കാർക്കെതിരെ നടത്തിയ ഓപ്പറേഷൻ ഷൈലോക്കിന്റ ഭാഗമായി 39 ലക്ഷം രൂപ പിടികൂടി പോലീസ്. അനധികൃത പണമിടപാടുകാരെ ലക്ഷ്യമിട്ട് എറണാകുളം റെയിഞ്ച് ഡിഐജി സതീഷ് ബിനോയുടെ നിർദ്ദേശ പ്രകാരമാണ് ഓപ്പറേഷൻ ഷൈലോക്ക് നടപ്പിലാക്കിയത്. എറണാകുളം റൂറല്‍, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലായി നടത്തിയ പരിശോധനയില്‍ 22 കേസുകള്‍ രജിസ്റ്റർ ചെയ്തു. കോട്ടയം 9, ഇടുക്കി 5, എറണാകുളം റൂറല്‍ 4, ആലപ്പുഴ 4 എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റർ ചെയ്തത്.

അതീവ രഹസ്യമായി ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് ആരംഭിച്ച പരിശോധന വൈകിയും തുടരുകയാണ്. രണ്ടായിരത്തോളം ഉദ്യോഗസ്ഥരാണ് പരിശോധനയില്‍ പങ്കെടുക്കുന്നത്. പാലാ പോലീസ് റെയ്ഡിന്റെ ഭാഗമായി മീനച്ചിൽ സിപിഎം ലോക്കൽ സെക്രട്ടറി ജിനു വട്ടപ്പള്ളിയുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. സിപിഎം നേതാവിന്റെ വീട്ടിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ അനധികൃത പണം ഇടപാട് രേഖകൾ പിടിച്ചെടുത്തു എന്നാണ് റിപ്പോർട്ട്. ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തിട്ടുണ്ട്. പരിശോധന സമയത്ത് ഇയാൾ സ്ഥലത്തില്ലായിരുന്നു എന്നാണ് പോലീസ് ഭാഷ്യം. എന്നാൽ അറസ്റ്റ് ഒഴിവാക്കാൻ ഇയാളെ ബോധപൂർവ്വം രക്ഷപെടാൻ അനുവദിച്ചതാണെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിപിഎമ്മിന്റെ പ്രമുഖ നേതാവ് തന്നെ ബ്ലേഡ് പലിശ കേസിൽ പ്രതിയായത് പാർട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്. നിരവധി പാർട്ടി മെമ്പർമാർ ഉൾപെടെ ഇയാളുടെ കൊള്ള പലിശ റാക്കറ്റിന്റെ ഇരകളാണ്. ഇയാൾക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് കഴിയുന്നത്. ഇയാൾക്ക് പുറമേ പാലായിലെ പല പ്രമുഖ ബ്ലേഡ്കാരുടെയും വീടുകളിലും ഓഫീസുകളിലും പരിശോധന നടത്തിയിട്ടുണ്ട്. മതിയായ രേഖകളുമായി ചിലരോടെല്ലാം സ്റ്റേഷനിൽ ഹാജരാകുവാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഗവണ്‍മെന്റ് അംഗീകൃത ലൈസൻസോ അധികാര പത്രമോ ഇല്ലാതെ പണം അമിത പലിശയ്ക്ക് കൊടുക്കുന്നവരെ ലക്ഷ്യമിട്ടാണ് പോലീസിന്റെ നീക്കം. അനധികൃത പലിശ ഇടപാടുകളിലൂടെ സമ്ബാദിച്ച 39 ലക്ഷത്തോളം രൂപ പിടികൂടി. 7 കാറുകള്‍, 13 ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പടെ 26 വാഹനങ്ങള്‍, 62 മുദ്രപ്പത്രങ്ങള്‍, 8 പ്രോമിസറിനോട്ടുകള്‍, 86 ആർ സി ബുക്കുകള്‍, റവന്യു സ്റ്റാമ്ബ് പതിപ്പിച്ച എഗ്രിമെന്റുകള്‍, പാസ്പോർട്ടുകള്‍, 17 ആധാരങ്ങള്‍ കൂടാതെ മറ്റ് രേഖകളുമുള്‍പ്പെടെ അനധികൃതമായി കൈവശം വച്ചിരുന്ന രേഖകളും ആസ്തികളും പിടിച്ചെടുത്തു.

കോട്ടയം ഗാന്ധിനഗർ സ്റ്റേഷൻ പരിധിയില്‍ ആർപ്പൂക്കര വില്ലേജില്‍ ആർപ്പൂക്കര ഈസ്റ്റ് അങ്ങാടിപ്പള്ളി ഭാഗത്ത് ഓടങ്കല്‍ വീട്ടില്‍ കമാല്‍ എ. എന്നയാളുടെ വീട്ടില്‍ നിന്നു മാത്രമായി അനധികൃത ഇടപാടുകള്‍ക്കായി സൂക്ഷിച്ച ഇരുപത് ലക്ഷത്തി ഏഴായിരത്തി നാനൂറ് രൂപ പോലീസ് സംഘം കണ്ടെടുത്തു. ഇതിന് പുറമെ ഇയാളുടെ കൈവശമുണ്ടായിരുന്ന നിരവധി രേഖകളും ഒരു ഇന്നോവ കാറും 4 ടൂവീലറുകളും ഗാന്ധിനഗർ പോലീസ് പിടിച്ചെടുത്തു. കാഞ്ഞിരപ്പള്ളിയില്‍ എടക്കുന്ന വേങ്ങന്താനം പാലപ്രഭാഗത്ത് കണ്ണാമുണ്ടയില്‍ വീട്ടില്‍ സജിമോൻ തോമസ് എന്നയാളുടെ വീട്ടില്‍ നിന്നും അനധികൃത ഇടപാടുകള്‍ക്കായി സൂക്ഷിച്ച 93500 രൂപയും നിരവധി രേഖകളും പിടിച്ചെടുത്തു. പരിശോധനയില്‍ അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക