യുവാവിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പാലക്കാട് കൊഴിഞ്ഞാമ്ബാറയില്‍ കരംപൊറ്റ പരേതനായ മാരിമുത്തുവിന്റെ മകൻ സന്തോഷ് (42) ആണ് മരിച്ചത്. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സന്തോഷിനെ ഒരാള്‍ വീട്ടില്‍ കയറി മർദിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.
സംഭവത്തില്‍ സന്തോഷിന്റെ സുഹൃത്തായ യുവതിയുടെ ഭർത്താവ് മൂങ്കില്‍മട സ്വദേശി ആറുച്ചാമിയെയാണ് (45) പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. അവിവാഹിതനായ സന്തോഷത്തിന് വിവാഹിതയായ യുവതിയുമായി സൗഹൃദമുണ്ടായിരുന്നു. ഇന്നലെ രാത്രി യുവതിയാണ് കൊലപാതക വിവരം പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചത്. ഭർത്താവ് സന്തോഷിനെ മർദിച്ചതായി പറഞ്ഞെന്നും ചെന്നുനോക്കിയപ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടതെന്നും യുവതി പൊലീസിനോട് പറഞ്ഞു.
പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സന്തോഷിനെ വീടിനകത്ത് തറയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടർന്ന് ഡോക്ടർ സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. നെറ്റിയില്‍ മർദനമേറ്റതിന്റെ പാടുണ്ട്. ടിവിയില്‍ കണക്‌ട് ചെയ്യുന്ന കേബിളും മൃതദേഹത്തിന് സമീപത്തായി കണ്ടെത്തി.

















