അന്താരാഷ്ട്ര വിപണിയില്‍ 25 മില്യണ്‍ ഡോളർ (ഏകദേശം 100 മില്യണ്‍ ദിർഹം) വില മതിക്കുന്ന വളരെ അപൂർവമായ ‘പിങ്ക് ഡയമണ്ട്’ മോഷ്ടിക്കാനുള്ള ശ്രമം ദുബൈ പൊലിസ് പവിഫലമാക്കി.ഏഷ്യൻ പൗരന്മാരായ മൂന്നംഗ സംഘം ഒരു വർഷമായി നടത്തി വന്ന വിപുലമായ കവർച്ചാ പദ്ധതിയാണ് ദുബൈ പൊലിസ് ടീം സൂക്ഷ്മമായി ആസൂത്രണം ചെയ്ത ഓപറേഷനില്‍ അമ്ബേ പരാജയപ്പെടുത്തിയതെന്ന് ദുബൈ പൊലിസ് മീഡിയ ഓഫിസ് എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
കുറ്റകൃത്യം റിപ്പോർട്ട് ചെയ്യപ്പെട്ട് എട്ട് മണിക്കൂറിനകം സംശയിക്കുന്നവരെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും പൊലിസ് അധികാരികള്‍ക്ക് കഴിഞ്ഞു.’ഫാൻസി ഇന്റൻസ്’ എന്ന് തരം തിരിച്ചിരിക്കുന്ന പിങ്ക് വജ്രത്തിന് 21 കാരറ്റ് ഭാരവും ഏറ്റവും ഉയർന്ന പരിശുദ്ധിയുമാണുള്ളത്. ആഗോള തലത്തില്‍ 0.01 ശതമാനം അപൂർവതാ നിരക്ക് മാത്രമുള്ള ലോകത്തിലെ ഏറ്റവും അപൂർവമായ ഒന്നായി പിങ്ക് വജ്രത്തെ കണക്കാക്കുന്നതായി ദുബൈ മീഡിയ ഓഫിസ് അറിയിച്ചു. ഈ വജ്രം അടുത്തിടെ യൂറോപ്പില്‍ നിന്ന് ദുബൈയില്‍ എത്തിയതായി അറിഞ്ഞതിനെ തുടർന്നാണ് മോഷണ സംഘം പദ്ധതി തയാറാക്കിയത്.
വ്യാജ ഐഡന്റിറ്റികള്‍ ഉപയോഗിച്ച് പ്രതികള്‍ ഒരു ‘സമ്ബന്നനായ ബയറു’ടെ ഇടനിലക്കാരായി അഭിനയിച്ച് വ്യാപാരിയെ ബന്ധപ്പെടുകയായിരുന്നു. വിശ്വാസ്യത കൂട്ടാൻ അവർ ആഡംബര വാഹനങ്ങള്‍ വാടകയ്ക്കെടുത്തു. പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ മീറ്റിംഗുകള്‍ ബുക് ചെയ്തു. കൂടാതെ, ‘രത്ന വിദഗ്ധൻ’ എന്ന വ്യാജേന ഒരാളെയും കൂടെ കൂട്ടി.
വജ്രം അതിന്റെ സുരക്ഷിത ഇടത്തില്‍ നിന്നും ഒരു സ്വകാര്യ വില്ലയിലേക്ക് എത്തിക്കുക എന്ന സൂത്രമാണ് സംഘം പിന്നെ പയറ്റിയത്. പ്രദർശിപ്പിക്കാനെന്ന് പറഞ്ഞ് വ്യാപാരിയെ അതിനായി അവർ പ്രേരിപ്പിച്ചു. അതിലവർ വിജയിക്കുകയും ചെയ്തു.
മോഷണം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ ദുബൈ പൊലിസ് പെട്ടെന്ന് തന്നെ പ്രതികരിച്ച് അന്വേഷണം ആരംഭിച്ചു. പ്രതികളെ വേഗത്തില്‍ തിരിച്ചറിയാൻ നൂതന നിരീക്ഷണ, ട്രാക്കിംഗ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു. പ്രതികള്‍ തുടക്കത്തില്‍ ഒരുമിച്ച് താമസിച്ചിരുന്നെങ്കിലും കുറ്റകൃത്യത്തിന് ശേഷം വ്യത്യസ്ത സ്ഥലങ്ങളിലേക്ക് മാറിയിരുന്നു. പ്രതികളുടെ പ്രത്യേക ഒളിത്താവളങ്ങള്‍ ഒരേസമയം അധികൃതർ റെയ്ഡ് ചെയ്തു.
മോഷ്ടിച്ച വജ്രം ഒരു ചെറിയ റഫ്രിജറേറ്ററില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തു. തുടർന്ന്, വെളിപ്പെടുത്താത്ത ഒരു ഏഷ്യൻ രാജ്യത്തേക്ക് കടത്തുന്നതിന് മുൻപായി താല്‍ക്കാലികമായി അവിടെ സൂക്ഷിക്കാൻ മാത്രമേ സംഘം ഉദ്ദേശിച്ചിരുന്നുള്ളൂ. അതിവേഗത്തിലുള്ള ദുബൈ പൊലിസിന്റെ നീക്കങ്ങളും പ്രവർത്തനങ്ങളുമാണ് വജ്രം വീണ്ടെടുക്കുന്നതിലേക്കും കുറ്റവാളികളുടെ അറസ്റ്റിലേക്കും നയിച്ചത്. ഇത് “അത്ഭുതപ്പെടുത്തുന്നതാണ്” എന്ന് വ്യാപാരി പ്രശംസിച്ചു.
2005 മുതല്‍ ദുബൈയില്‍ പ്രവർത്തിച്ചു വരുന്ന ഇദ്ദേഹം, ദുബൈ പൊലിസിന്റെ അങ്ങേയറ്റത്തെ പ്രൊഫഷണലിസത്തെയും നീക്കങ്ങളെയും മാതൃകാപരവും മികച്ചത്തുമെന്ന് അഭിനന്ദിച്ചു. ഈ കേസില്‍ ദുബൈ പൊലിസ് തനിക്ക് ഏറ്റവും മികച്ച നീതിയും ഫലവും അതിവേഗത്തില്‍ നല്‍കിയതില്‍ ഏറെ നന്ദിയും കടപ്പാടുമുണ്ടെന്നും വ്യാപാരി പറഞ്ഞു.
വജ്രം മോഷ്ടിക്കപ്പെട്ട വിവരം 999 എന്ന നമ്ബറില്‍ വിളിച്ച് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അനേകം പട്രോളിംഗ് വാഹനങ്ങള്‍ സ്ഥലത്ത് കുതിച്ചെത്തി. അന്വേഷണം ആരംഭിക്കുകയും നല്ല ഫലം കൊണ്ട് വരുമെന്ന് വ്യാപാരിയ്ക്ക് ആവർത്തിച്ചുള്ള ഉറപ്പു നല്‍കുകയും ചെയ്തു.
”എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, പിറ്റേന്ന് രാവിലെ തന്നെ പൊലിസ് വിളിച്ച് സംശയിക്കപ്പെടുന്നവരെ അറസ്റ്റ് ചെയ്തെന്നും വജ്രം കണ്ടെടുത്തെന്നും പറഞ്ഞു” -വ്യാപാരി കൂട്ടിച്ചേർത്തു.

















